ബാല്യകാല സഖി
ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ലാളിത്യം തുളുമ്പുന്ന ഒരു പ്രണയ കഥ പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ എൻ പി പോൾ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ബാല്യകാല സഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരു ഏട് ആണ്. വക്കീൽ രക്തം പൊടിഞ്ഞിരിക്കുന്നു. മുസ്ലിം സമുദായത്തിന്റെ പശ്ചാതലത്തിൽ വികസിക്കുന്ന മജീദ്, സുഹറ എന്നീ കളികൂട്ടുകാർ തമ്മിലുള്ള എന്നാൽ പൂർത്തീകരിക്കാൻ കഴിയാതിരുന്ന ത്രീവ പ്രണയത്തിന്റെ കഥയാണിത്. പ്രണയബദ്ധരാകുന്നതിന് മുമ്പ് അവർ ബന്ധശത്രുക്കളായിരുന്നു. അനോന്യം പേടിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അവരുടെ പതിവ്. സുഹറക്ക് മജീദിനെ ഭയമില്ലതാനും. നോവലിന്റെ ആരംഭത്തിൽ മജീദിന്റെ ബാപ്പ നാട്ടിലെ ധനികനായിരുന്നെങ്കിൽ സുഹറ ഒരു അടക്ക കച്ചവടക്കാരെന്റെ മകളായിരുന്നു. അവൾ എന്തു കൊണ്ട് തന്നെ ഭയപ്പെടുന്നില്ല എന്നോർത്ത് മജീദിന് അഭിമാനശതമായി. അവർ തമ്മിൽ പല വഴക്കുകളും നടന്നെങ്കിലും പിന്നീടവർ സുഹൃത്തുക്കളായി മാറി. മജീദ് ഭാവനയുടെ അടിമയായിരുന്നു. അവന്റെ സ്വപ്‌നങ്ങൾ അതുല്യങ്ങൾ ആയിരുന്നു. നിഷ്കളങ്കവും സുന്ദരവുമായ ബാല്യകാലത്തെ കുറിച്ചുള്ള ഒരുപാട് വർണ്ണനകൾ ഈ കൃതിയിലുണ്ട്. മജീദ് പഠനത്തിൽ വളരെ പിറകിലായിരുന്നു. എങ്കിലും പട്ടണത്തിലെ ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു. പഠനത്തിന് മിടുക്കി ആയിരുന്നെങ്കിലും ദാരിദ്യം മൂലം സുഹറക്ക് അതിനു സാധിച്ചില്ല. ഇതിനിടയിൽ സുഹറയുടെ ബാപ്പയുടെ മരണം അവളുടെ കുടുംബത്തെ അനാഥമാക്കി. കുടുംബത്തിന്റെ സംരക്ഷണം അവളുടെ ചുമതലയായി മാറി. സുഹറയെ കൂടി പഠിപ്പക്കണമെന്ന് മജീദ് ബാപ്പയോട് ആവശ്യപ്പെടുമെങ്കിലും അദ്ദേഹം അത്, നിരാകരിക്കുകയാണ് ഉണ്ടായത്. മജീദിന്റെ ബാപ്പ മുൻകോപിയായിരുന്നു.ആരുടെയും അഭിപ്രായം സ്വീകരിക്കാത്ത ഒരാളും, എന്നാൽ മജീദിന് ഭയത്തോടെ കൂടിയുള്ള സ്നേഹം ബാപ്പയോട് ഉണ്ടായിരുന്നു. ഒരിക്കൽ പള്ളിക്കൂടത്തിൽ നിന്ന് പാടത്ത് വരണമെന്ന് ബാപ്പ പറഞ്ഞു. മജീദ് അതു മറന്നുപോയി. പകരം പതിവുപോലെ കളിക്കാൻ പോയി. അന്ന് ബാപ്പ മജീദിനെ ഒരുപാട് തല്ലി. " പോടാ പോ നീ രാജ്യമൊക്കെ ചുറ്റി ഒന്ന് പഠിച്ച് വാ…മനസിലായോ... ഇല്ല " ബാപ്പ അലറിക്കൊണ്ട് മജീദിനെ മുറ്റത്തേക്ക് തള്ളി. ആ ശബ്‌ദം മജീദിനെ ലോകത്തിന്റെ അറ്റം വരെ ഓടിക്കാൻ പര്യാപ്ത്തമായിരുന്നു. വീടും നാടും ഉപേക്ഷിച്ചു പോകാൻ മജീദ് തീരുമാനിച്ചു. അതിന് മുമ്പ് സുഹറയുടെ വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ ഇരുളിന്റെ ഏകാന്തതയിൽ നിന്നും നിശബ്ദമായി യാത്ര ചോദിച്ചു.
മജീദ് പോയി ഏഴോ പത്തോ കൊല്ലക്കാലം സഞ്ചരിച്ചു.
ഇതിനിടയിൽ വീട്ടിൽ എന്തൊക്കെ സംഭവിച്ചു എന്നോ സുഹറയുടെ ജീവിതത്തിൽ എന്തല്ലാം മാറ്റങ്ങൾ വന്നു എന്നോ ഒന്നും മജീദ് അറിഞ്ഞില്ല. കത്തുകൾ അയച്ചില്ല. ഒന്നും അന്വേഷിച്ചതും ഇല്ല. മനുഷ്യർ എവിടെയും ഒരുപോലെയാണെന്ന് മജീദ് ഈ യാത്രയിൽ മനസിലാക്കി. ജനിച്ചു വളർന്നു ഇണ ചേർന്നു പെരുപ്പിക്കുന്നു. പിന്നെ ജനന മരണങ്ങളുടെ ഇടയിലുള്ള കഠിനയാതന എവിടെയും ഉണ്ട്. വിഷാദത്മകനായി മജീദ് നാട്ടിലേക്ക് തിരിച്ചു വന്നു, സുഹറയെ വിവാഹം കഴിച്ച് ജീവിതകാലം കഴിച്ചു കൂട്ടാൻ. സ്വന്തം കുടുംബത്തിന് സാമ്പത്തികമായ തകർച്ച, സുഹറയുടെ വിവാഹം തുടങ്ങിയ സ്തംഭിപ്പിക്കുന്ന വാർത്തമാനങ്ങളാണ് നാട്ടിൽ മജീദിനെ അഭിമുഖീകരിച്ചത്. മജീദ് എത്തിയത് അറിഞ്ഞ് സുഹറ വന്നു. അവൾ ആകെ മാറി പോയിരുന്നു. കവിളുകൾ ഒട്ടി കൈവിരലുകളുടെ ഏപ്പുകൾ മുഴച്ച്, നഖങ്ങൾ തേഞ്ഞ് ആകെ വിളർത്ത്, അങ്ങനെ സുഹറ പൊട്ടി കരഞ്ഞുകൊണ്ട് അവളുടെ ഭർത്താവിനെ കുറിച്ച് പറഞ്ഞു. അയാൾ ഒരു കശാപ്പുകാരൻ ആയിരുന്നു. അയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ട്. മാത്രമല്ല അയാൾ അവളെ ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും ചെയ്യുമായിരുന്നു. സുഹറ തന്റെ വിഷമങ്ങളെല്ലാം മജീദിനോട് പങ്കുവെച്ചു. മജീദ് വന്നതിനു ശേഷം സുഹറയുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായി. അവൾ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോകുന്നില്ലന്നു തീരുമാനിച്ചു. അയൽക്കാർ അവരെ പറ്റി പലതും പറയാൻ തുടങ്ങി. സുഹറയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം മജീദിന് ഉണ്ടായി. മജീദ് ഉമ്മയോട് വിവരം പറഞ്ഞു. എന്നാൽ വിവാഹ പ്രായമായ സഹോദരിമാരും വൃദ്ധരായ മാതാപിതാകളും ഒരു ചോദ്യചിന്ഹമായി മാറി. എല്ലാത്തിനുമുള്ള പണം സമ്പാദിക്കാൻ വേണ്ടി മജീദ് യാത്ര തിരിച്ചു. മാസങ്ങൾക്കു ശേഷം ഒരു ജോലി കിട്ടിയെങ്കിലും അപ്രതീക്ഷിതമായി ഒരു അപകടത്തിൽ പെട്ടു. മജീദിന്റെ വലതു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. നാളുകൾക്ക് ശേഷം ഒരു ഹോട്ടലിലെ എച്ചിൽ പാത്രങ്ങൾ കഴുകുന്ന ഒരു ജോലി ലഭിച്ചു. ആ അവസ്ഥയിലും ആശ കൈവിടാതെ മജീദ് ജോലി ചെയ്തു. അയാൾക്ക് കൂട്ടിനായി മനോഹര സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. ഹോട്ടലിലെ ജോലിക്കാരായ സുഹൃത്തുക്കൾ ഉറങ്ങി കഴിയുമ്പോൾ സുഹറയോട് വർത്തമാനം പറയും. ആയിരത്തിഅഞ്ഞൂർ മൈളുകൾക്ക് അകലെ അവളെ കാണും, അവളെ ആശ്വസിപ്പിക്കും. അങ്ങനെയിരിക്കെ നാട്ടിൽ നിന്ന് ഉമ്മയുടെ എഴുത്ത് വരുന്നത് സുഹറയുടെ മരണവിവരം അറിയിച്ചു കൊണ്ടാണ്. മരിക്കുന്നതിന് മുമ്പ് മജീദ് വന്നോ എന്ന് സുഹറ അന്വേഷിച്ചിരുന്നു. മജീദിന്റെ പ്രതീക്ഷയുടെ ലോകം തകർന്നു പോയി. എല്ലാം നിശ്ചലമായതു പോലെ, സ്വപ്നങ്ങളുടെ ലോകത്ത് നിന്ന് യാഥാർഥ്യത്തിലേക്ക് മടങ്ങി വരുന്ന മജീദ് വീണ്ടും ശ്രദ്ധയോടെ ജോലി തുടർന്നു. മജീദിന്റെ ഒടുവിലത്തെ ഓർമ്മകൾ ബഷീറിന്റെ വാക്കുകളിൽ തന്നെ പറയട്ടെ. 'അന്ന് മജീദ് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയതായിരുന്നു. സുഹറ എന്തോ പറയാണ് ആരംഭിച്ചത് മുഴുമിപ്പിക്കുന്നതിന് മുമ്പ് ബസ്സിന്റെ ഹോൺ തുരുതുരാ ശബ്ദിച്ചു. ഉമ്മ കയറി വന്നു, മുറ്റത്തേക്ക് ഇറങ്ങി പൂന്തോട്ടത്തിലൂടെ പടിയിറങ്ങി ഒന്ന് തിരിഞ്ഞു നോക്കി. നിറഞ്ഞ നയനങ്ങളോട് കൂടി ചെമ്പരത്തിയിൽ പിടിച്ചു കൊണ്ട് പൂന്തോട്ടത്തിൽ സുഹറ. പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരിക്കണം. എന്തായിരുന്നു ഒടുവിൽ സുഹറ പറയാനിരുന്നത്.' ബാല്യകാലസഖി ഇവിടെ അവസാനിക്കുന്നു.
ആത്മകഥാംശമുള്ള നോവലാണിത്. മജീദിന്റെ പല അനുഭവങ്ങളും ബഷീറിന്റേതു കൂടിയാണ്. ബാല്യത്തിൽ സമ്പന്ന ജീവിതം നയിച്ചിരുന്ന മജീദിനെ കൈപ്പേറിയ ജീവിതാനുഭവങ്ങൾ ഒറ്റയടിക്ക് മാറ്റിമറിക്കുന്നു. സുഹറ മരിച്ചത് അറിഞ്ഞതിനു ശേഷം തന്റെ ജോലിയിൽ ശ്രദ്ധയോടെ വ്യാപൃതനാവുന്ന മജീദിനെയാണ് നമ്മളിവിടെ കാണുന്നത്. അക്കാലത്ത് യാഥാസ്ഥിതിക മുസ്ലിങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായം, ബഹുഭാര്യത്വം, സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കുവാനുള്ള വിമുഖത തുടങ്ങിയവ തന്റെ കഥാപാത്രജീവിതപരിസരങ്ങളിലൂടെ കഥാകാരൻ കൃത്യമായി വരച്ചിട്ടിരിക്കുന്നു. മതവും സമുദായവും പുരുഷന് കല്പ്പിച്ചു കൊടുക്കുന്ന മേൽകോയ്മയിൽ അഹങ്കരിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് മജീദിന്റെ വാപ്പയെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക ദുരന്തിന്റെ കഥകൂടിയാണിത്. ബഷീറിന്റെ വേറെ ശൈലിയിലുള്ള ഒരു കൃതിയാണ് ബാല്യകാല സഖി. അകാലത്തിൽ പൊലിഞ്ഞു പോവുന്ന ഈ പ്രണയ കഥ ഒരു വിങ്ങലായി എന്നും ഒരു വായനക്കാരന്റെ മനസ്സിൽ തങ്ങി നിൽക്കും.
Safwan P.P
D2 A/U
0 comments:
Post a Comment