കരയുക കണ്ണുനീർ നിന്നെ കഴുകും.
സ്നേഹം, മനുഷ്യൻ, ദൈവം, ചിന്ത ഇതെല്ലാം അടങ്ങിയിട്ടുള്ള ഒരു പൊതിച്ചോറാണ് പി.എം.എ ഗഫൂറിന്റെ ഈ പുസ്തകം. നമ്മുടെ ചിന്തയെ ആഴത്തിൽ ചെന്നെത്തിക്കുന്ന ഒട്ടേറെ വരികൾ ഇതിൽ കാണാൻ സാധിക്കുന്നുണ്ട്. 'മനുഷ്യൻ' എന്ന ജീവിയെ വളരെ ഭംഗിയായി ഇതിൽ വിവരിക്കുന്നുണ്ട്. അതായത് പെൻസിൽ എത്ര ഭംഗിയോടെ അണിഞ്ഞൊരുങ്ങിയാലും അകത്ത് ഗ്രാഫൈറ്റ് ഇല്ലെങ്കിൽ അത് വെറും മരക്കഷണം ആണ്, അകമാണ് നമുക്ക് പ്രധാനം, അകത്തേക്ക് കൂടുതൽ ശ്രദ്ധ വേണം, ശുദ്ധീകരിക്കണം.
ഞാൻ ഏറെ സങ്കടപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് എനിക്ക് പുസ്തകം കിട്ടുന്നത്. അതിനാൽ എന്നെ ഏറെ ആഴത്തിൽ ചെന്നെത്തിച്ച ഒരു വരി ഇതാണ് "തൂണുകൾ ഒന്നുമില്ലാതെ ഇത്രയും വലിയ ആകാശത്തെ താങ്ങിനിർത്തുന്നവനല്ലേ നീ. വീണു പോകാതെ എന്നെയും താങ്ങി നിർത്താൻ നിനക്കെന്ത് എളുപ്പമാണ്." എന്ത് മനോഹരമായ വരി. സ്നേഹവും സൗഹൃദവും ഒക്കെ തരുമ്പോൾ അതൊരു ചെടി കയ്യിൽ തരുന്നത് പോലെയാണ്, തരുന്നയാൾ പിന്നെയും കൂടെയുണ്ടോ എന്നതിലല്ല കാര്യം, ആ ചെടി നമ്മൾ എന്ത് ചെയ്തു? എന്നതിലാണ്. 'നല്ല ചിന്തകൾ നല്ല ആരാധനയാണെന്ന് തിരുനബി പറഞ്ഞിട്ടുണ്ട്.' ചിന്തകളിൽ ബന്ധങ്ങളിൽ ജീവിതരീതിയിൽ ലാളിത്യം ഉള്ളവരാകുമ്പോൾ നമ്മൾ ആരോടും മത്സരിക്കാത്തവരായി മാറും, മത്സരിക്കാത്തതാകുമ്പോൾ മനസ്സിൽ സംഘർഷം ഇല്ലാത്തവർ ആകും, സംഘർഷം ഇല്ലാതാകുമ്പോൾ സമാധാനം ഉണ്ടാകും. ആ സമാധാനം നമ്മുടെ കണ്ണുകളിൽ ചുറ്റുമുള്ളവർക്ക് കാണാൻ കഴിയും. എല്ലാവർക്കും നന്ദി. സ്നേഹിച്ചവർക്കും ദ്രോഹിച്ചവർക്കും നന്ദി. പടച്ചവനെ നീ തന്നതിനും തടഞ്ഞതിനും നന്ദി. സ്വന്തം കത്തുകൾ ആണ് നാം ചെയ്യുന്ന ഓരോ ദ്രോഹവും. നേടിയെടുക്കുന്ന ധാരാളം അറിവുകൾ ഒന്നുമല്ല, നിഷ്കളങ്കമായ തിരിച്ചറിവുകൾ മാത്രമേ ജീവിതത്തിൽ നമ്മെ പാഠം പഠിപ്പിക്കുകയുള്ളൂ എന്ന് നമുക്കിതിൽ നിന്നും മനസ്സിലാക്കാം.
Muneera T.T
D3 F/A