Wednesday, 7 March 2018

ജീവിതമെന്ന അത്ഭുതം (Book Review) - ഹിബ നൗഷാദ്

ജീവിതമെന്ന  അത്ഭുതം

അന്താരാഷ്ട്ര പ്രശസ്തനായ ക്യാൻസർ ചികിത്സകൻ  ഡോക്ടർ വി പി ഗംഗാധരന്റെ ചികിത്സാനുഭവങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ കെ എസ് അനിയൻ ഹൃദയസ്പർശിയായ വാക്കുകളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്ന മനോഹരമായ കൃതിയാണിത്. മനുഷ്യത്വവും നന്മയും മറന്ന് തൊട്ടടുത്തിരിക്കുന്ന ആളുടെ മുഖത്തേക്ക് പോലും നോക്കാതെ സ്വാർത്ഥ താല്പര്യങ്ങൾക്ക് പിറകെ ഓടുന്ന സമൂഹത്തിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ഒന്ന് എത്തി നോക്കാൻ പ്രേരിപ്പിക്കുന്ന അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്.

2004 ഡിസി ബുക്സ് പുറത്തിറക്കിയ ജീവിതമെന്ന അത്ഭുതം എന്ന ഈ പുസ്തകത്തിന്റെ വില 90 രൂപയാണ്. തലക്കെട്ട് പോലെ തന്നെ ജീവിതം ഒരു അത്ഭുതമാണെന്ന് വിളിച്ചറിയിക്കുന്ന 31 അനുഭവങ്ങളാണ് ഗ്രന്ഥകാരൻ ഇവിടെ പങ്കുവെക്കുന്നത്. ക്യാൻസർ എന്ന മാരകരോഗത്തിന്റെ പിടിയിൽപ്പെട്ട് മുന്നിലെത്തുന്ന രോഗികളുടെ മാനസിക വേദനയെ അറിഞ്ഞ് ശാരീരികമായും മാനസികമായും കരുത്ത് പകരുന്ന ഒരു ഡോക്ടറെ നമുക്ക് ഡോക്ടർ വി പി ഗംഗാധരനിൽ കാണാൻ സാധിക്കുന്നു. ക്യാൻസർ എന്ന രോഗം വിവിധ ഇനങ്ങൾ ഉണ്ടെന്നതുപോലെ, ക്യാൻസർ ഓരോ വ്യക്തികളെയും ബാധിക്കുന്നതും പലവിധത്തിലും ആണ്. ചിരിയോടെ അതിനെ നേരിടുന്നവർ ഉണ്ടെങ്കിലും ഉറ്റവരുടെയും ഉടയവരുടെയും കുത്തുവാക്കുകളും ഒറ്റപ്പെടുത്തലുകളും കേട്ട് സ്വന്തത്തെ തന്നെ വെറുത്തു പോകുന്നവരും ഉണ്ട് എന്നത് ഏറെ സങ്കടകരമായ കാര്യമാണ്.
        
ഇന്നസെന്റിന്റെ 'ക്യാൻസർ വാർഡിലെ ചിരി' എന്ന പുസ്തകം ക്യാൻസർ ബാധിച്ച ഒരാളുടെ ജീവിതമാണെങ്കിൽ അത്തരത്തിലുള്ള അനവധി ജീവിതങ്ങൾ ഈ പുസ്തകത്തിലൂടെ നമുക്ക് അടുത്തറിയാൻ സാധിക്കുന്നു. ഉള്ളിൽ ഒരുത്തിരി കരുണയുള്ള മനസ്സാണ് നിങ്ങൾക്കുള്ളതെങ്കിൽ ഈ പുസ്തകത്തിലെ ഒരു ഏടെങ്കിലും നിങ്ങളെ കരയിപ്പിക്കാതിരിക്കില്ല. എപ്പോഴെങ്കിലും മനസ്സ് വളരെ ഇടുങ്ങിയതായി തോന്നുന്നുണ്ടെങ്കിൽ അപരന്റെ ദുഃഖം അറിയാൻ ശ്രമിക്കുക. മനസ്സ് ഭൂമിയോളം വിശാലമാവും. അതിനായി ഈ പുസ്തകം നമ്മെ സഹായിക്കും തീർച്ച...!

Hiba Noushad
Preli 2nd

0 comments:

Post a Comment