ബാല്യകാല സഖി
ബഷീർ കൃതികളുടെ ആസ്വാദനം എന്നതിനെക്കാൾ ബഷീർ എന്ന ഇമ്മിണിബല്യേ ഒന്നിനെ തന്നെയാണ് യഥാർഥത്തിൽ ആസ്വദിക്കേണ്ടത്. ബഷീറിന്റെ ബാല്യകാല സഖി ഓരോ വായനക്കരന്റെയും സഖിയാണ്. കാളിദാസൻ മരിച്ചു, കണ്വമാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല, എന്ന വയലാറിന്റെ വരികളിലെ കാൽപനികത പോലെയാണ് ബഷീർ കഥാപാത്രങ്ങളുടെ കഥയും.
എഴുത്തുകാരനും, ചുറ്റും കൂടിയവരും, വിമർശകരും, ആസ്വാദകരും ഒക്കെ മരിച്ചു പോയിരിക്കുന്നു. പക്ഷെ ബഷീറിന്റെ കഥാപാത്രങ്ങൾ ആരും തന്നെ മരിച്ചിട്ടില്ല - മരിക്കുകയും ഇല്ല.
ഭാഷാ പ്രയോഗങ്ങളിലെ വ്യാകരണ ധർമ്മങ്ങളെക്കാൾ തന്റെ വിഭാവനയിലെ കഥാ തന്തുവിലെ മർമ്മങ്ങളായിരുന്നു ബഷീറിന് പഥ്യം. അക്ഷരങ്ങൾക്കും അതിന്റെ സ്വര ഭേദങ്ങൾക്കും അതിലൂടെ വിരിയുന്ന ആശയങ്ങൾക്കും ആസ്വാദനങ്ങൾക്കും ചിട്ടപ്പെടുത്തപ്പെട്ട കൃത്രിമ നിയമ സംഹിതയിൽ ബഷീർ വിശ്വസിച്ചിരുന്നില്ല. ഭാഷാ വ്യാകരണ മുറകളുടെ കെട്ടുകാഴ്‌ചകളുടെ അതിരുകളിൽ ഭാവനയെ ഒതുക്കുകയായിരുന്നില്ല. മറിച്ച് തനിക്ക് ചുറ്റുമുള്ള കാഴ്‌ചകൾ അനുഭവിച്ചറിഞ്ഞ പരിവേഷത്തോടെ അപ്പടി പകർത്തുക എന്നതായിരുന്നു ബഷീർ എന്ന മഹാനായ എഴുത്തുകാരന്റെ ശീലവും ശൈലിയും.
സങ്കൽപങ്ങൾക്ക് വേണ്ടി – തത്വ ജ്ഞാനങ്ങൾക്ക് വേണ്ടി ഒന്നും ഈ നിസ്വാർഥനായ എഴുത്തുകാരൻ പ്രയാസപ്പെടുന്നില്ല. അകൃത്രിമങ്ങളായ ജിവിതാനുഭവങ്ങളുടെ ഏറ്റവും പച്ചയായ ഭാവമാണ് പ്രതീക്ഷയാണ് അദ്ദേഹത്തിന്റെ കാൽപനികതകളുടെ ലോകം. പൊതു നിരീക്ഷണത്തിൽ വിവരമില്ലായ്‌മയിൽ നിന്നെന്നപോലെ നിർഗളിക്കാവുന്ന സ്വാഭാവികതകളാണ് ബഷീറിന്റെ ദാർശനികതകളുടെ ലോകം.
ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യേ ഒന്ന് എന്നത് കണക്ക് അറിയാത്ത മജീദിന്റെ നിഷ്‌കളങ്കതയെയാണ് സൂചിപ്പിക്കുന്നത്. ഒപ്പം കണക്ക് അറിയുന്നവർക്ക് പുതിയ ഒരു ദാർശനിക പാഠവും. എന്നാൽ വിജ്ഞാനത്തിന്റെ കുത്തകക്കാർ ഇതൊന്നും വകവെച്ചു നൽകിക്കൊള്ളണമെന്നില്ല.
രണ്ട് പുഴകൾ സംഗമിച്ച് വീണ്ടും ഒന്നായി ഒഴുകുന്നതിൽ നിന്ന് മജീദ് ഉൾകൊള്ളുന്ന ബല്യേ ഒന്ന് എന്ന യാഥർഥ്യവും ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്ന ഗണിത ശാസ്‌ത്ര അക്ഷരാർഥ വിവരവും പരസ്‌പരം കലഹിക്കേണ്ട ഒരു സമസ്യയല്ല. ബല്യേ ഒന്ന് എന്നത് പച്ചയായ യാഥാർഥ്യമാണ്. രണ്ട് എന്നത് ഭൗതിക ജീവിത സാഹചര്യത്തിന്റെ പരുക്കൻ യാഥാർഥ്യവും. ജീവിതായോധനത്തിന് ഈ പരുക്കൻ യാഥാർഥ്യം വേണ്ടി വരും. എന്നാൽ ജിവിതം ഏറെ ഹൃദ്യമായി ആസ്വദിക്കാൻ പച്ചയായ യാഥാർഥ്യത്തെ ഉൾകൊണ്ടവർക്കേ സാധിക്കുകയുള്ളൂ.
ഉൽകൃഷ്‌ടവും അല്ലാത്തതും എന്നതിന് പാശ്ചാത്യ പൗരസ്ത്യ വർണ്ണാടിസ്ഥാനങ്ങളിൽ തീരുമാനിക്കപ്പെടുന്ന അലിഖിത നിയമങ്ങളെ കടപുഴക്കി വീഴ്‌ത്തുന്നതിൽ നൈപുണ്യമുള്ള മാന്ത്രികനാണ് വൈക്കം മുഹമ്മദ് ബഷീർ. സമൂഹത്തിൽ വേരോട്ടമുള്ള തിന്മകളുടെ പടർപ്പുല്ലുകളെ പിഴുതെറിയാൻ കെൽപുള്ള സർഗാത്മക തൂലിക കൊണ്ട് മലയാളത്തെ ശുദ്ധീകരിക്കാനും സമ്പന്നമാക്കാനും അശ്രാന്തം പരിശ്രമിച്ച സുൽത്താനാണ് ബഷീർ.
ജീവിത ഗന്ധിയായ തന്റെ ഇതര കൃതികളെപ്പോലെ മഹത്തരമാണ് ബാല്യകാല സഖിയുടെ ഇതിവൃത്തം. ഇമ്മിണി ബല്യേ ഒന്ന് എന്ന സ്വാഭാവിക ദാർശനികതയെ പ്രതിഷ്‌ഠിച്ചു വെച്ച പച്ച മനുഷ്യരുടെ ലോകവും.
മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. മജീദിന്റെ ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന അവകാശത്തെ കൂർത്ത നഖങ്ങളുള്ള സുഹറ ചെറുത്തു തോല്പ്പിക്കുന്നത് "ഞാനിനിയും മാന്തും" എന്ന് ഭീഷണിപ്പെടുത്തിയാണ്. ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തിൽ ആവേശം കൊണ്ട് നാടുവിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ കൽക്കത്തയിലായിരിയ്ക്കുന്ന കാലം താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന് അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ, ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം അതു മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.
FARHANA . C
PG FIRST YEAR
0 comments:
Post a Comment