1920 മലബാർ
കനലൊടുങ്ങാത്ത ഒരു മഹാ വിപ്ലവത്തിന്റെ പുനരാഖ്യാനമാണ് 1920 മലബാർ എന്ന നോവലിലൂടെ ഹക്കീം ചോലയിൽ നമ്മോട് പറയുന്നത്. ഡിസി കിഴക്കേമുറി ജന്മശതാബ്ദി സ്മാരക നോവൽ മത്സരത്തിൽ 1920 മലബാർ എന്നാ ഈ നോവൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചരിത്രവും കഥയും വേറിട്ട് നിർത്താതെ വളരെ സൂക്ഷ്മമായി കഥ ചരിത്രത്തിൽ ലയിപ്പിച്ച് കൊണ്ടാണ് കഥാകാരൻ രചിച്ചിട്ടുള്ളത്.
കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ ചർച്ചക്ക് വിധേയമായിട്ടുള്ളതും ഈ വാർത്തമാനക്കാലത്തിലും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ സമരമാണ് 1920-ലെ മലബാർ. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചില നോവലുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും 1920-ലെ മലബാർ കലാപത്തെ സജീവ പശ്ചാത്തലമാക്കിയുള്ള ഒരു പ്രണയ കഥയാണ് ഇവിടെ ഹക്കീം ചോലയിൽ രചിച്ചിട്ടുള്ളത്. മലബാർ കലാപ കാലഘട്ടത്തിൽ ഏറനാട്ടിലുള്ള മുസ്ലിംകളുടെ ജീവിതം ബൽക്കീസ് എന്ന മുസ്‌ലിം ബാലികയുടെ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുകയാണ്. മുസ്ലിംകളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ സൂക്ഷമമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് മുസ്ലിം ബാലികയായ ബൽക്കീസും ഇംഗ്ലീഷ്കാരനായ ജസ്റ്റിനും. ബൽക്കീസിന്റെ ഉമ്മയുടെ മരണശേഷം അവൾ അവളുടെ ഉപ്പയുടെ കൂടെ തറവാട്ടിൽ വന്നു താമസിക്കുന്നു. അവിടെ അവൾക്ക് ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ട്. അങ്ങനെ തന്റെ രണ്ടാനുമ്മയുമായുള്ള ജീവിതത്തിനിടയിൽ അവൾ കുറച്ചപ്പുറത്തുള്ള ബംഗ്ലാവിൽ ജസ്റ്റിനെ കണ്ടുമുട്ടുന്നു. അവർ പറയാതെ പറയുന്ന പ്രണയവും ബംഗ്ലാവിലെ അവളുടെ ലൈബ്രറി ജോലിയുമെല്ലാം പറയുന്നു. അങ്ങനെയിരിക്കെ അവളുടെ ബാപ്പ മൂന്നാമത് ഒരു വിവാഹം കൂടി കഴിക്കുന്നു. അതിൽ അവളുടെ രണ്ടാനുമ്മക്കുണ്ടാകുന്ന സങ്കടങ്ങളും തന്റെ സഹോദരിയുടെ വിവാഹവുമെല്ലാം വളരെ സങ്കടപ്പെടുത്തുന്നുണ്ട്. പിന്നീട് കലാപങ്ങൾക്കെല്ലാം തുടക്കം കുറിച്ചപ്പോൾ അവളുടെ ബാപ്പയെ സായിപ്പിനെതിരെ പ്രവർത്തിക്കാൻ പലരും നിർബന്ധിച്ചിട്ടും ബാപ്പ സമ്മതിച്ചില്ല. ജോലി ഉപേക്ഷിച്ചുവെങ്കിലും അവർക്ക് എതിർ ചെയ്യാൻ പറ്റില്ല എന്ന് ബാപ്പ ഉറപ്പിച്ചു. ഇതിനിടയിൽ കോൺഗ്രസ്സിനെ കുറിച്ചും ഖിലാഫത്ത് പ്രസ്ഥാനത്തെ കുറിച്ചുമെല്ലാം വളരെ ഭംഗിയായികൊണ്ടും ഒട്ടും മടുപ്പിക്കാത്ത രീതിയിലും കഥാകാരൻ പരാമർശിക്കുന്നുണ്ട്.
കലാപം നടക്കുകയാണെങ്കിൽ അത് ആദ്യം തന്റെ കുടുംബത്തെയാണ് ബാധിക്കുക എന്നറിയുന്നത് കൊണ്ട് തന്നെ അവളെ അവളുടെ സഹോദരിയെ കല്യാണം കഴിച്ച വീട്ടിലേക്ക് പറഞ്ഞ് വിടുന്നു. 'ഒരു വിരുന്നുകാരിയായി പോയി ഒരു വേലക്കാരിയാകുന്നത് ഞാൻ അറിയുന്നു' എന്നാണ് അവൾ അതിനെ കുറിച്ച് പറഞ്ഞത്. അവിടുത്തെ ജീവിതത്തിനിടയിലും തന്റെ പ്രണയം സാക്ഷത്ക്കാരമാകാത്ത ഒരു സ്വപ്നമാണെന്ന് വിശ്വസിച്ച് അവൾ നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ജസ്റ്റിൻ അവളെ അവിടെ നിന്നും കൊണ്ട് പോയി. അവർ രണ്ട് പേരും ഒളിവ് ജീവിതം നയിച്ചു.
അവൾ ഏറെ ആസ്വദിച്ചതും അവൻ പെട്ടെന്ന് തീരാൻ കാത്തിരുന്നതുമായിരുന്നു അത്. അങ്ങനെ ശവങ്ങൾക്കിടയിലൂടെയും കലാപത്തിന്റെ ഭീകരതകൾക്കിടയിലൂടെയും പട്ടാളക്കാരുടെ ക്രൂരതകൾക്കിടയിലൂടെയും അവർ എത്തിപ്പെട്ടത് ജസ്റ്റിന്റെ കത്തിക്കരിഞ്ഞ ബംഗ്ലാവിലേക്കായിരുന്നു. അവർ അവിടെയിരുന്നു കരയുന്ന സമയത്ത് അവരെ ഒരു കൂട്ടം ഖിലാഫത്ത് പ്രസ്ഥാനക്കാർ കാണുന്നു. അവരുടെ കത്തിക്ക് ഇരയാക്കപ്പെടുകയായിരുന്നു ജസ്റ്റിൻ. അവൾക്ക് അലറി വിളിച്ച് കരയാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. അങ്ങനെ വീണ്ടും തറവാട്ട് വീട്ടിൽ എത്തിപ്പെട്ട അവൾ ജീവിച്ചിരിക്കുന്ന ഒരു ശവം പോലെ അവിടെ കഴിയാൻ തുടങ്ങി.
അവിടെ നിന്നും തന്റെ സഹോദരൻ വഴി ഖിലാഫത്ത് പ്രസ്ഥാനക്കാരുടെ കത്തിക്ക് അവളുടെ ബാപ്പ ഇരയാക്കപ്പെട്ടതും അവളുടെ രണ്ടാനുമ്മയുടെ മരണവുമെല്ലാം അവൾ അറിഞ്ഞു. അവൾ ഉദ്ദേശിച്ച പോലെ വളരെ ക്രൂരയല്ല അവളുടെ ഉമ്മ എന്നാണ് അവൾ ഉമ്മയെ കുറിച്ച് പറഞ്ഞത്. അവൾക്ക് വിശപ്പ് നശിച്ച് അങ്ങനെ അവൾ അവളുടെ കഥ എഴുതാൻ തുടങ്ങി.
ഒരു ദിവസം അവൾ എഴുതികൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്നും ഉച്ചഭാഷിണി വഴി "വീട് കത്തിക്കുകയാണെന്നും ആരെങ്കിലും അകത്തുണ്ടെങ്കിൽ പുറത്ത് വരണമെന്നും" വിളിച്ച് പറഞ്ഞു. അപ്പോൾ അവളുടെ സഹോദരൻ കയറി വന്നു അവളോട് ഇറങ്ങി പോകാൻ പറഞ്ഞെങ്കിലും തന്റെ വീടിനൊപ്പം ഇല്ലാതാകാൻ അവൾ തീരുമാനിച്ചു. തീ നാളങ്ങൾക്ക് പെട്ടെന്ന് വിഴുങ്ങി കളയാൻ വേണ്ടി തന്റെ വസ്ത്രങ്ങളെല്ലാം ഊരി താൻ എഴുതിക്കൊണ്ടിരിക്കുന്ന പേപ്പറുകൾ എല്ലാം നശിക്കാതിരിക്കാനായി ഇരുമ്പ് പെട്ടിയിൽ വെച്ച് അടച്ചു തീ നാളങ്ങൾക്ക് വേണ്ടി അവൾ കിടന്ന് കൊടുത്തു. താനും തന്റെ കുടുംബവും മരണപ്പെട്ടാലും കുടുംബത്തിന്റെ ചരിത്രം നിലനിൽക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു.
മുസ്ലിം ജീവിത പരിസരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ സൂക്ഷ്മമായി തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം ഇഷ്ട്ടപ്പെടുന്ന ഏതൊരാൾക്കും വളരെ താൽപ്പര്യപൂർവ്വം വായിക്കാൻ പറ്റുന്ന രൂപത്തിലാണ് ഹക്കീം ചോലയിൽ ഈ പുസ്‌തകം അവതരിപ്പിച്ചിട്ടുള്ളത്.
Hafna K. P
Preli 2nd