Monday, 5 February 2018

ബാല്യകാലസഖി(Book Review) - ഷാന കെ.പി

 ബാല്യകാലസഖി


ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ലാളിത്യം തുളുമ്പുന്ന ഒരു പ്രണയകഥ. ബാല്യകാലസഖി ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് ആണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു. ശ്രീ എം പി പോളാണ് ഈ നോവലിന്റെ അവതാരിക എഴുതിയിരിക്കുന്നത്. ബാല്യകാലം മുതൽ തന്നെ സുഹറയും മജീദും അയൽവാസികൾ ആയിരുന്നു. ഏഴു വയസ്സുള്ള സുഹറയും 9 വയസ്സുള്ള മജീദും ഈ നോവലിന്റെ തുടക്കത്തിൽ പറ്റെ ശത്രുക്കൾ ആയിരുന്നു. ഒരു സാധാരണ അടക്ക കച്ചവടക്കാരന്റെ മകളായിരുന്നു സുഹറ. നാട്ടിലെ പണക്കാരനായ തടിക്കച്ചവടക്കാരന്റെ മകനായിരുന്നു മജീദ്. സുഹറ കണക്കിൽ മിടുക്കനായിരുന്നു. മജീദ് ആണെങ്കിൽ കണക്കിൽ യാതൊരു അറിവും ഉണ്ടായിരുന്നില്ല. "ഒന്നും ഒന്നും എത്രയാടാ" എന്ന അധ്യാപകന്റെ ചോദ്യത്തിന് ഇമ്മിണി വല്യൊന്ന് എന്നായിരുന്നു മജീദിന്റെ ഉത്തരം. അതിനുശേഷം സഹപാഠികൾ അവനെ കാണുമ്പോൾ തമ്മിൽ തമ്മിൽ പറയും ഉമ്മിണി വല്യൊന്ന്. ആ പരിഹാസങ്ങൾ അവനെ വലിയ വേദന ഉണ്ടാക്കി. ഉമ്മിണി വല്യൊന്നായതിനുശേഷം മജീദ് ആരോടും മിണ്ടാതെയായി. അടുത്ത ബെഞ്ചിലിരുന്ന് സുഹറ നോക്കും. മജീദ് മുഖം തിരിച്ചു കളയും. ഒടുവിൽ മജീദ് അവളോട് മിണ്ടി. അവൾ അങ്ങനെ മജീദിന്റെ തൊട്ടടുത്ത് ബെഞ്ചിന്റെ അറ്റത്തായി സ്ഥലം മാറിയിരുന്നു. അങ്ങനെ മജീദിന്റെ കണക്കുകൾ എല്ലാം ശരിയായി. അവൻ കണക്കുകൾ സുഹറയുടെ സ്ലേറ്റിൽ നോക്കി എഴുതി ക്ലാസ്സിൽ ഒന്നാമനായി. മജീദും സുഹറയും ആ കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ് ആയിരുന്നു അത്. പട്ടണത്തിലെ ഹൈസ്കൂളിൽ പോയി പഠിക്കണമെന്ന് സുഹറയുടെ ആഗ്രഹം തകർന്നു. സുഹറയുടെ ബാപ്പ മരിച്ചു. അതോടെ അവളും അവളുടെ രണ്ട് ഇളയ സഹോദരിമാരും ഉമ്മയും നിരാശ്രയരായി. എല്ലാം കൂടി അവർക്കുണ്ടായിരുന്നത് ഒരു മുറി പുരയിടവും ഒരു ചെറിയ വീടുമായിരുന്നു. അടക്കാ കച്ചവടത്തിൽ നിന്നുള്ള ലാഭത്തിൽ നിന്നായിരുന്നു അവളുടെ ബാപ്പ ആ കുടുംബം നോക്കിയിരുന്നത്. സുഹറ അവളുടെ വീടിന്റെ വാതിൽക്കൽ നിന്ന് മജീദിനെ അവന്റെ ബാപ്പ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നത് കണ്ടു. സുഹറയുടെ ജീവിതം ഉദ്ദേശമില്ലാതെ അങ്ങനെ കടന്നുപോയി. മിക്ക സമയവും അവൾ മജീദിന്റെ വീട്ടിലായിരിക്കും. എല്ലാവർക്കും അവളോട് സ്നേഹമാണ്. അവളുടെ മുഖത്ത് എപ്പോഴും ഒരു വിഷാദഭാവം ആയിരുന്നു. ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ലെന്ന് മജീദിന്റെ ഉമ്മ എപ്പോഴും അവളോട് പറയും. സുഹറക്ക് അവളുടെ ഭാവിയെ പറ്റി വലിയ ആശങ്കകൾ ആയി. പിതാവിന്റെ മരണശേഷം സഹോദരിമാരും ഉമ്മയും ഉള്ള കുടുംബം നോക്കേണ്ടത് അവളാണ്. 16 വയസ്സായിട്ടുള്ളൊരു പെൺകുട്ടി, എന്നാലും നോക്കണം. എത്ര കാലം എന്ന് വച്ചാണ് മജീദിന്റെ ഉമ്മാന്റെയും മറ്റുള്ളവരുടെയും സഹായത്തിൽ കഴിയുക. മജീദ് ആ വീട്ടിൽ ഇല്ലെങ്കിൽ വിഷമമായിരുന്നു അവൾക്ക്. മജീദ് കാലത്തെ സ്കൂളിലേക്ക് പോയാൽ വൈകുന്നേരം മടങ്ങി വരുന്നതുവരെ അവൾക്ക് പരിഭ്രമമാണ്. മജീദിന് എന്തെങ്കിലും സൂക്കേട് വന്നാൽ അവൾക്ക് ഉറക്കമില്ല. എപ്പോഴും അവന്റെ അടുത്തിരിക്കണം. രാപ്പകൽ ശുശ്രൂഷിക്കണം. സുഹറ മജീദിനെ സ്നേഹിക്കുന്നുണ്ട്. മജീദ് സുഹറായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. മജീദിന്റെ ബാപ്പ ആരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കാത്ത ഒരു സ്വേച്ഛാധിപതിയെ പോലെ കാര്യങ്ങൾ നടത്തുന്ന ആളായിരുന്നു. മജീദിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവൻ ഉമ്മയോട് ചോദിച്ചു വാങ്ങിക്കും. ബാപ്പയെ അവന് ഭയമായിരുന്നു. ഭയത്തോടു കൂടിയ സ്നേഹമായിരുന്നു. അങ്ങനെയിരിക്കെ ഒരു സംഭവം ഉണ്ടായി. ചൂടുള്ള വേനൽക്കാലം ആയിരുന്നു, കൂടാതെ നോമ്പുകാലവും. വെള്ളം പോലും കുടിക്കാതെ, ഉമിനീർ പോലും ഇറക്കാതെ പകൽ മുഴുവൻ പട്ടിണി നിൽക്കുന്നത് കൊണ്ടും വെറും നിസ്സാര കാര്യത്തിന് പോലും ബാപ്പ വഴക്ക് കൂടിയിരുന്നു. ഒരു ദിവസം കാലത്തെ ബാപ്പ പാടത്തേക്ക് പോകും മുമ്പ് മജീദിനോട് പറഞ്ഞു: കൊയ്ത്ത്  മെതിച്ച് ഉണക്കാൻ ഇട്ടിരിക്കുന്ന നെല്ല് വെള്ളത്തിൽ കൊണ്ടുവരാൻ ഉണ്ട്, കൂടെ ആളില്ലെങ്കിൽ വഞ്ചിക്കാർ അത് എടുത്തു വിൽക്കും. നിനക്ക് നോമ്പില്ലല്ലോ, നീ പള്ളിക്കൂടത്തിൽ നിന്ന് വരുന്ന ഉടനെ പാടത്തേക്ക് വരണം. വന്നേക്കാം മജീദ് പറഞ്ഞു. പക്ഷേ മജീദ് പോയില്ല. പതിവുപോലെ സ്കൂൾ വിട്ട ഉടനെ കളിക്കാൻ പോയി. സന്ധ്യക്ക് നോമ്പുതുറക്കുന്ന സമയത്ത് ബാപ്പയെ കാണാതിരുന്നപ്പോഴാണ് മജീദിന് കാര്യം ഓർമ്മ വന്നത്. കുറെയധികം ഇരുട്ടിയപ്പോൾ ബാപ്പ വന്നു. മജീദിനെ കണ്ടപ്പോഴേ ബാപ്പ അലറി. ഭയങ്കര ദേഷ്യത്തോടെ അവനെ വീണ്ടും വീണ്ടും തല്ലി. പോടാ പോ... എന്നും പറഞ്ഞ് മജീദിനെ പിടിച്ച് മുറ്റത്തേക്ക് തള്ളി. മജീദ് കമഴ്ന്നടിച്ചു വീണു. അവൻ ഇരുട്ടത്ത് പടിക്കൽ ചെന്നിരുന്നു. അവന് കരയുവാൻ കഴിഞ്ഞില്ല. ഒരു തുള്ളി കണ്ണുനീർ പോലും അവന് വന്നില്ല. ഉഗ്രമായ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ആണ് ഹൃദയത്തിൽ. അങ്ങനെ വീടും നാടും ഉപേക്ഷിച്ചു പോകാൻ മജീദ് തീരുമാനിച്ചു. പക്ഷേ എങ്ങോട്ട് പോകും? കയ്യിൽ പണമില്ല. എങ്കിലും ജീവിക്കും. ഒരു യുവാവാണ്. അതിനുമുമ്പ് അവൻ സുഹറയുടെ സമീപത്തേക്ക് നടന്നു. പതിവായി അവർ ഇരിക്കാറുള്ള മാവിൻ ചോട്ടിൽ നിന്നു. ദൂരത്തായി സുഹറ മണ്ണെണ്ണ വിളക്കിന് മുന്നിലിരുന്ന് ഖുർആൻ പാരായണം ചെയ്യുകയാണ്. അവളോട് അങ്ങനെ യാത്ര പോലും പറയാതെ അവൻ നടന്നു. ഒരു ഭ്രാന്തനെ പോലെ. ഗ്രാമം പിന്നിട്ട് പട്ടണം കടന്ന് കാടും മലകളും നഗരങ്ങളും പിന്നിട്ട് അവൻ പോയി. ഏഴോ പത്തോ കൊല്ലങ്ങൾ സഞ്ചരിച്ചു. അതിനിടയിൽ വീട്ടിൽ എന്തൊക്കെ സംഭവിച്ചു എന്നും സുഹറയുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വന്നു എന്നും ഒന്നും അവൻ അറിഞ്ഞില്ല. കത്തുക്കൾ ഒന്നും അയച്ചില്ല. മജീദ് സഞ്ചരിച്ചു. വ്യാജന്മാരുടെ കൂടെയും, സന്യാസിമാരുടെ ശിഷ്യനായിട്ടും, ഹോട്ടൽ വേലക്കാരനായും, ഓഫീസ് ക്ലർക്കായും, രാഷ്ട്രീയ പ്രവർത്തകരുടെ കൂടെയും, കുബേരന്റെ അതിഥിയായും അങ്ങനെ പലനിരകളിലും അവൻ ജീവിച്ചു. അങ്ങനെ മജീദ് നാട്ടിലേക്ക് തിരിച്ചു. സുഹറയെ വിവാഹം ചെയ്യാൻ. പക്ഷേ നാട്ടിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. കച്ചവടത്തിൽ അടിക്കിടെ ഉണ്ടായ നഷ്ടത്താൽ ബാപ്പയുടെ സ്വത്തെല്ലാം കടത്തിൽ പോയി. കിടപ്പാടവും കൂടി പണയത്തിൽ ആയിരുന്നു. മാതാപിതാക്കൾ തീരെ വൃദ്ധരായിരിക്കുന്നു. സഹോദരിമാർ രണ്ടും വളർന്ന് വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്നു. എല്ലാറ്റിനും ഉപരിയായി സുഹറയുടെ വിവാഹം കഴിഞ്ഞു. പട്ടണത്തിൽ എവിടെയോ ഉള്ള ഒരു കശാപ്പുകാരനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. മജീദിന് വീട്ടിൽ നേരാവണ്ണം കഴിക്കാൻ ആഹാരം ഇല്ല. അവന്റെ സഹോദരികൾ തൊണ്ടു തല്ലി പിരിക്കുന്ന കയർ ബാപ്പ അങ്ങാടിയിൽ കൊണ്ടുപോയി വിറ്റ് വല്ലതും വാങ്ങിച്ചു കൊണ്ടുവരും. ഉഗ്ര പ്രതാപശാലിയായിരുന്നു ബാപ്പ, മജീദിന്റെ ഉള്ളം കരഞ്ഞു. സുഹറായെ പറ്റി ഓർക്കുമ്പോൾ കണ്ണുനീർ പൊടിയും. അവളെ ഒന്നു കാണണമെന്നുണ്ട്. പക്ഷേ മറ്റൊരുവന്റെ ഭാര്യ. എന്നാലും ദൂരെ വെച്ചെങ്കിലും ഒന്ന് കാണണം. പരിഭവം പറയാനല്ല. വെറുതെ ഒന്ന് കാണാൻ. ആ ശബ്ദം ഒന്നു കേൾക്കാൻ. അങ്ങനെ സുഹറ വന്നു. മജീദ് വന്നിട്ടുണ്ടെന്ന് അറിഞ്ഞ്. മജീദിനെ കണ്ടതും സുഹറ ചോദിച്ചു: എന്നെ അറിയുമോ?  മജീദിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ വീണ്ടും ചോദിച്ചു. എന്നോട് പിണക്കം ആയിരിക്കും. മജീദ് അവളെ നോക്കിയതും ഹൃദയം പൊള്ളിപ്പോയി. സുഹറ ആകെ മാറിയിരിക്കുന്നു.കവിളുകളൊട്ടി, ആകെ വിളർത്ത്. മജീദ് അവളോട് ചോദിച്ചു: സുഹറാ... എന്തായിരുന്നു സുഖക്കേട്. ഒന്നുമില്ലായിരുന്നു. സുഹറ മറുപടി പറഞ്ഞു. പിന്നെ ഇത്രയ്ക്കും ക്ഷീണിച്ചതെന്തേ. ഞാനൊരിക്കലും തിരിച്ചു വരില്ലെന്നാണോ കരുതിയത്. അല്ല എനിക്കുറപ്പുണ്ടായിരുന്നു തിരിച്ചുവരുമെന്ന് സുഹറ മറുപടി പറഞ്ഞു. അവരെല്ലാവരും നിശ്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല. ഉമ്മ തീ തീന്നുകയായിരുന്നു. എന്റെ പ്രായക്കാരൊക്കെ കെട്ടി മൂന്നും നാലും പ്രസവിച്ചു. ഒടുവിൽ വീടും പുരയിടവും പണയും വെച്ച് പൊന്നും മറ്റും ഉണ്ടാക്കി എന്നെ കല്യാണം കഴിപ്പിച്ചു. പിന്നെ എന്തേ... ഇത്രയ്ക്ക് ക്ഷീണിച്ചു പോയത് മജീദ് വീണ്ടും ചോദിച്ചു. സുഹറ പൊട്ടി കരഞ്ഞു പോയി. എന്നിട്ട് അവൾ അവളുടെ ഭർത്താവിനെ കുറിച്ച് പറഞ്ഞു. വലിയ അരിഷക്കാരനാണ്. അദ്ദേഹത്തിന് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. എന്നെ അയാൾ അടിക്കും, തുഴക്കും. അവിടെ ചെന്നതിനു ശേഷം ഇതുവരെ വയറുനിറയെ ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഒരു ഭാര്യയല്ല വേലക്കാരി ആയിരുന്നു. സുഹറ ഊണ് കഴിച്ച് മനസ്സമാധാനത്തോടെ പോയി ഉറങ്ങൂ. നാളെ കാണാം മജീദ് പറഞ്ഞു. സുഹറയുടെ ഭാവം പെട്ടെന്ന് മാറിപ്പോയി, മുഖത്ത് രക്ത പ്രസാദവും കണ്ണുകൾക്ക് തിളക്കവും, സുഹറ വന്നതിലും നന്നായിട്ടുണ്ട്. ഇനിയിപ്പോ അങ്ങോട്ട് ചെന്നാൽ കെട്ടിയോൻ മനസ്സിലാക്കൂല. അയൽപക്കങ്ങളിലെ സ്ത്രീകൾ അത്ഭുതപ്പെടും. അവൾ എപ്പോഴും മജീദിന്റെ വീട്ടിലാണ്. ഒരു ദിവസം മജീദ് അവളോട് ചോദിച്ചു.  സുഹറാ... ഇനിയെന്നു പോകും. അവൾ അത്ഭുതത്തോടെ ചോദിച്ചു. എവിടെ, ഭർത്താവിന്റെ വീട്ടിലേക്ക്.  അവൾ പറഞ്ഞു: അദ്ദേഹം എന്നെയല്ല വിവാഹം ചെയ്തത്.ഞാൻ കൊണ്ടുചെന്ന സ്വർണ്ണ പണ്ടങ്ങളെയും എനിക്കുള്ള ഓഹരിയെയും. പിന്നെ എന്നെ കാണുന്നത് വിരോധം ആണെങ്കിൽ ഞാൻ പൊയ്ക്കോളാം. ഈ മജീദും സുഹറയും തമ്മിൽ എന്താണ്. അയൽപക്കക്കാർക്ക് അത് അറിയണം. ആ പെണ്ണ് എന്താ... കെട്ടിയോന്റെ വീട്ടിൽ പോകാത്തത്. അങ്ങനെ മജീദ് അവളോട് പറഞ്ഞു: സുഹറാ ഇനി ഭർത്താവിന്റെ വീട്ടിൽ പോകേണ്ട. ഇല്ല അവൾ മറുപടി പറഞ്ഞു. മജീദ് ഉമ്മയോട് വിവരം പറഞ്ഞു. അങ്ങനെ ഉമ്മ പറഞ്ഞു: മജീദ് സുഹറയെ വിവാഹം ചെയ്യുന്നത് നല്ലതാണ്. പക്ഷേ എന്റെ മോൻ എവിടെയെങ്കിലും പോയി പൊന്നും പണവും ആളെയും ഉണ്ടാക്കണം. സ്ത്രീധനം കൊടുക്കാനുള്ള വകയും. നിന്റെ രണ്ട് സഹോദരിമാരെ കെട്ടിച്ചു കൊടുത്തിട്ട് എന്റെ മോനും കെട്ടാം. മജീദ് ആകെ അസ്വസ്ഥനായി തീർന്നു. എന്തൊക്കെയോ ചെയ്താൽ കൊള്ളാമെന്നുണ്ട്. വീടിന്റെ കടം തീർക്കണം. സഹോദരിമാരെ കെട്ടിച്ചു വിടണം. മാതാപിതാക്കൾക്ക് സന്തോഷം ഉളവാക്കുന്ന കാര്യങ്ങൾ ചെയ്യണം. സുഹറായെ വിവാഹം ചെയ്യണം. പിന്നെ അവളുടെ സഹോദരിമാരുണ്ട്. മാതാവ് ഉണ്ട്. അവർക്കും എന്തെങ്കിലും ചെയ്യണം. പക്ഷേ എന്താണ് ചെയ്യുക. എല്ലാറ്റിനും ആരെയും ആശ്രയിക്കാതെ പണം സമ്പാദിക്കാൻ എന്തു വഴി. അങ്ങനെ ആശങ്കയോടെ മജീദ് യാത്രക്കൊരുങ്ങി. ഞാൻ പോയിട്ട് വേഗം വരാം. മജീദ് സുഹറയോട് വിവരം എല്ലാം പറഞ്ഞു. ഞാൻ എല്ലാവരെയും സുഹറയെ ഏൽപ്പിക്കുന്നു. വരുന്നതുവരെ ഞാൻ സൂക്ഷിച്ചു കൊള്ളാം സുഹറ ഭാരം ഏറ്റു. മജീദ് ദൃഢമായ ഒരു ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചു. മജീദ് എല്ലാവരോടും യാത്ര പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ സുഹറ ജനാലയുടെ അടുത്ത് നിൽപ്പുണ്ടായിരുന്നു. ഒന്നു പറയട്ടെ അവൾ പറഞ്ഞു: മജീദും മന്ദഹസിച്ചു. പറയൂ... രാജകുമാരി പറയൂ... പിന്നെ അവൾക്കത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആ സമയത്ത് ബസ്സിന്റെ ഹോൺ കേട്ടു. ഉമ്മ പറഞ്ഞു: മോനെ വേഗം ചെല്ല് വണ്ടി പോകും. അങ്ങനെ മജീദ് ഇറങ്ങി അങ്ങനെ നാലു മാസങ്ങൾക്കുശേഷം മജീദിനൊരു ജോലി കിട്ടി. വരവതികം ഉള്ള അത്ര വിഷമമില്ലാത്ത ഒരു ജോലി. ഒരുമാസം കഴിഞ്ഞപ്പോൾ മജീദ് വീട്ടിലേക്ക് 100 രൂപ അയച്ചു കൊടുത്തു. മാസം ഒന്നു കൂടി കഴിഞ്ഞു. അപ്രതീക്ഷിതമായ ഒരത്യാഹിതം മജീദിന് സംഭവിച്ചു. സൈക്കിളിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഒരു ഗട്ടറിൽ വീണു. കഠിനമായ വേദന. അയാൾ ബോധം വന്നു കണ്ണുതുറന്നു നോക്കിയപ്പോൾ ഒരു ആശുപത്രി വാസത്തിനൊടുവിൽ കുറെ രൂപ മജീദിന്റെ കയ്യിൽ കൊടുത്തിട്ട് കമ്പനി മാനേജർ പറഞ്ഞു നിങ്ങൾ ഇനി വീട്ടിൽ പോകൂ. മജീദിന് കണ്ണുനിറഞ്ഞു. അവൻ വീട്ടിലെ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞു. എന്റെ കമ്പനിയിൽ നിങ്ങൾക്ക് പറ്റിയ ഒരു ജോലിയും ഇല്ല. അങ്ങനെ മജീദ് തനിച്ചായി. രണ്ട് കൈകൊണ്ടും വടിയൂന്നി നടപ്പായി. വേറൊരു ജോലിക്കായി മജീദ് അന്വേഷിച്ചു നടന്നു. ഒരുപാട് അന്വേഷണങ്ങൾക്കൊടുവിൽ മജീദിനൊരു ജോലി കിട്ടി. ഒരു ഹോട്ടലിലെ എച്ചിൽ പാത്രങ്ങൾ കഴുകുക. വയറു നിറയെ വല്ലതും കഴിക്കാം. മാസംതോറും വീട്ടിലേക്ക് ചെറിയൊരു സംഖ്യ അയക്കുകയും ചെയ്യാം. വീട്ടിൽ നിന്നും ആദ്യം കിട്ടിയ എഴുത്ത് സുഹറക്ക് ലേശം അസുഖം ഉണ്ടെന്നുള്ളതായിരുന്നു. അവൾ വളരെ ക്ഷീണിച്ചു പോയിരിക്കുന്നു. കുറേശ്ശെ ചുമയും ഉണ്ട്. സുഹറ എഴുതി. ഇവിടെ എല്ലാവർക്കും സുഖം തന്നെ. ഒന്നു കാണാൻ കൊതിയാകുന്നു. സ്വന്തം സുഹറ. അങ്ങനെ സുഹറയെ സ്വപ്നം കണ്ട് മജീദ് ദിവസങ്ങൾ തള്ളി നീക്കി. അങ്ങനെയിരിക്കെ മജീദിന് ഒരു എഴുത്തുവന്നു. സുഹറയുടെ കൈപ്പടയല്ല. ഉമ്മ മറ്റാരെ കൊണ്ടോ എഴുതിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട മകൻ വായിച്ച് അറിയാൻ സ്വന്തം ഉമ്മ എഴുതുന്നത്. മിനിയാന്ന് വെളുപ്പിന് നമ്മുടെ സുഹറ മരിച്ചു. അവളുടെ വീട്ടിൽ കിടന്ന് എന്റെ മടിയിൽ തല വെച്ച്. മജീദിന്റെ മനസ്സിലൂടെ അവളുടെ ഓർമ്മകൾ വാക്കുകൾ പ്രവർത്തികൾ എല്ലാം വന്നു. ഒടുവിലത്തെ ഓർമ്മ അന്ന് മജീദ് യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ സുഹറ എന്തോ പറയാൻ ആരംഭിച്ചു. അത് മുഴുമിക്കാൻ അവൾക്കു കഴിഞ്ഞില്ല. എന്തായിരുന്നു അന്ന് ഒടുവിലായി സുഹറ പറയാൻ തുടങ്ങിയത്. ഇങ്ങനെയാണ് ഈ നോവൽ അവസാനിക്കുന്നത്.


Shana K. P

B-com 3rd year

0 comments:

Post a Comment