ബഷീർ എഴുതിയ ലവ് ലെറ്റർ
"ഏത് ബഷീറാ വളെ..." പ്രിയ സുഹൃത്തിന്റെ ചോദ്യം "എടാ അമ്മളെ ബഷീറില്ലേ, കോയിക്കോട്ടാർക്ക് മാത്രം സ്വന്തള്ള, വൈക്കം മുഹമ്മദ് ബഷീറ്. അനക്ക് അറീലെ മൂപ്പരെ പറ്റി...? ഞാൻ പറഞ്ഞു.
"അതെങ്ങനെ ശെരിയാവും, വൈക്കം കോട്ടയത്തല്ലേ അപ്പൊ പിന്നെങ്ങനാ മൂപ്പരെ കോയിക്കോട്ടർക്ക് സ്വന്താവ..? മറു ചോദ്യം പ്രതീക്ഷിച്ചിരുന്നു. "ഇയ്യ് ചോയ്ച്ചത് ശരിയാണെങ്കിലും മൂപ്പര് സ്വാതന്ത്ര്യ സമരത്തിനിടയിൽ ഇവിടെ വന്നു കൂടിയതാ.. പിന്നെ ഇവിടെ സ്ഥിരായി..."
ഇതെന്തെന്നാപ്പോ, ബഷീർ എഴുതിയ ലൗ ലെറ്റർ. മൂപ്പര് ആർക്കെങ്കിലും ലൗ ലെറ്റർ എയ്തീക്ക്ണോ..? പുസ്തക വായന ഇല്ലാത്ത സുഹൃത്തിന്റെ ചോദ്യം അസഹ്യമായിരുന്നെങ്കിലും ഹൃദയം തുറക്കാൻ ആരംഭിച്ചു. "അതല്ലെടോ ബഷീർ കേരള സാഹിത്യത്തിൽ അറിയപ്പെടുന്ന എയ്ത്തുകാരിൽ ഒരാളാണല്ലോ. അതോണ്ട് മൂപ്പര് എയ്തിയ ഒരു ബുക്കിന്റെ പേരാ 'പ്രേമലേഖനം'.. ഞാൻ പറഞ്ഞു.
"അതിലെന്ത്‌ന്നാ പറയണേ... ഇഞ്ഞ് ഒന്ന് പറഞ്ഞു താ.. അതിലെ കഥ ഒന്നും ഞമ്മക്ക് പുടി ഇല്ല.. " പരിഭവം നിറഞ്ഞ സ്വരമായിരുന്നു.
"ആഹ്"... നെടുവീർപ്പോടെ.. ബഷീറിന്റെ പ്രേമലേഖനത്തെ കുറിച്ച് പറയാൻ എനിക്ക് നൂറു നാവാണ്. കാരണം അത്രയും ഹൃദ്യമാണ് ആ കിത്താബ്. പ്രണയം ഉള്ളവർക്ക് മാത്രമല്ല പ്രണയം ഇല്ലാത്തവർക്കും ഒരുപോലെ പ്രിയം.
ഈ പുസ്തകത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ കഥ നല്ലപോലെ അറിയില്ലായിരുന്നു. അങ്ങനെ ഒരു ദിവസം ഉമ്മാന്റെ വീട്ടിലെ കൊച്ചു ലൈബ്രറിയിൽ കണ്ടപ്പോൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ വായിച്ചു തീർത്തു. വായിച്ചുതീർന്നപ്പോൾ ഇനിയും വായിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുശേഷം പിന്നെയും വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ അതിന്റെ കഥ എന്താണെന്ന് മനസ്സിലായതിന്റെ അഹങ്കാരം ഇല്ലാതില്ല. പിന്നെ അതിന്റെ കഥ അറിയാത്തവർക്ക് പറഞ്ഞു കൊടുക്കലായി, പുസ്തകം എറിഞ്ഞു കൊടുക്കൽ ആയി.
എന്നാൽ ആദ്യ തവണ പ്രേമലേഖനം വായിക്കുമ്പോൾ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല എനിക്ക്. ഇപ്പോഴും ഇല്ല എന്നുള്ളതാണ് എന്നെയും ഈ വായിക്കുന്ന നിങ്ങളെയും ഒരുപോലെ വിഷമിപ്പിക്കുന്നത്. ങ്ഹും...
സുഹൃത്ത് എന്ന് പറയുന്നതിന്റെ ഒരു ഇത് എന്ന് പറയുന്നത് അത് സാങ്കല്പികം മാത്രമാണെന്നാണ്.
" പ്രിയപ്പെട്ട സാറാമ്മേ...
ജീവിതം യൗവന തീക്ഷണവും, ഹൃദയം പ്രേമ സുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കിൽ സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ്. സാറാമ്മയോ?
ഗാഢമായി ചിന്തിച്ചു മധുരോധാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്
സാറാമ്മയുടെ
കേശവൻ നായർ.
പുസ്തകം തുറന്ന് പ്രേമലേഖനത്തിന്റെ ഒരു ഭാഗം വായിച്ചപ്പോൾ തന്നെ സുഹൃത്ത് വായയും പൊളിച്ചിരിക്കുകയാണ് അപ്പോഴാണ് അവളുടെ സ്വരം ഉയർന്നത്.
" അതെന്തെന്നാ കേശവൻ നായർക്ക് സാറാമ്മനെ ഇഷ്ടാണോ..?
ഒരു പരുങ്ങലോടെയാണെങ്കിലും "അതെ" എന്ന് ഞാൻ. അങ്ങനെ സാറാമ്മയും കേശവൻ നായരും പ്രേമിക്കുന്നു. അതാണ് ഈ കഥ... " - ഞാൻ.
"ന്നട്ട്..ബാക്കി പറി..." സുഹൃത്തിന്റെ പ്രത്യാഷ.
" പേര് കേട്ടാൽ തന്നെ അറിയാല്ലോ സാറാമ്മ ക്രിസ്ത്യാനിയും കേശവൻ നായർ ഹിന്ദുവും ആണ്.സാറാമ്മയെ സംബന്ധിച്ച് പറയാണെങ്കിൽ, ഒരു ചിറ്റമ്മയും ഒരു പിതാവും മാത്രമേ ഉള്ളൂ.സാറാമ്മ ഒരു ഇന്റർമീഡിയറ്റ് ആണ്. ഒരു പണിയും ഇല്ല. അങ്ങനെ ആയപ്പോഴാണ് കേശവൻ നായർ വന്നു പറയണത് എന്നെ സ്നേഹിക്കാൻ പറ്റോ എന്ന്. ഇതുകേട്ടതും സാറാമ്മ ആകെ ബേജാറായി, അപ്പൊ സാറാമ്മ പറഞ്ഞ് പ്രേമിക്കാനൊക്ക പ്രേമിക്കാം, കൂലി വേണംന്ന്" - ഞാൻ
" കൂലിയോ അള്ളോഹ്, നമ്മള് അങ്ങനെ പൈശ ആയിട്ടൊന്നും വാങ്ങിക്കില്ല." നാണത്തോടെ ആണെങ്കിലും തല ഒന്ന് താഴ്ത്തിക്കൊണ്ട് ഞാൻ ചിരിച്ചുകൊണ്ട് ബാക്കി പറഞ്ഞു. "അങ്ങനെ മാസത്തിൽ 20 രൂപ എന്ന് ഉറപ്പിച്ചുകൊണ്ട് സാറാമ്മയും കേശവൻ നായരും പ്രേമിക്കാൻ തുടങ്ങി. കമിതാക്കൾ ആവുമ്പോൾ പിന്നെ കല്യാണത്തിന് ശേഷമുള്ള കാര്യങ്ങളൊക്കെ ചർച്ച ചെയ്യും, സ്വാഭാവികം - ഞാൻ. "ഓരണ്ടാളും എന്ത്‍ന്ന ചർച്ച ചെയ്തേ "- ആകാംക്ഷ നിർഭരം. "ഓർക്ക് രണ്ടാൾക്കും ണ്ടാവണ കുട്ടികൾ ഏത് ജാതി ആയിരിക്കും എന്നും മക്കളെ പേര് എന്തൊക്കെയായിരിക്കണം എന്നൊക്കെ.. അങ്ങനെ ലാസ്റ്റ് ഇവര് നറുക്കിട്ട് എടുത്ത് കുട്ടിക്ക് ആകാശമിട്ടായി എന്ന പേര് സെറ്റാക്കും. മതം ഓരെ എടയിൽ പ്രശ്നം ആയതുകൊണ്ട് മതത്തെക്കുറിച്ച് ഓരു തന്നെ തീരുമാനിച്ചോട്ടെ എന്ന് നായരും".
ഒരു ദിവസം സാറാമ്മാനോട് ചോദിക്കും, ഒരു ചുംബനം.. അപ്പൊ സാറമ്മ പറയും: "അത് നമ്മുടെ കരാറിലില്ലല്ലോന്ന്."
"അങ്ങനെ ഇവർ പ്രേമിക്കുന്നതിനിടയിലാണ് നായർ ചേട്ടൻക്ക് ദൂരെവിടെയോ ജോലിക്ക് കേറണം എന്നും പറഞ്ഞു കൊണ്ട് ഒരു മെസ്സേജ് വരൽ."- ഞാൻ.
"ന്നട്ടോ "... സുഹൃത്ത്.
"ന്നട്ട് എന്താവാൻ സാറമ്മനോട് അനുവാദം ചോദിച്ചിട്ട് നായർ ചേട്ടൻ പോകാൻ വേണ്ടി നിക്കും. അങ്ങനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സാറാമ്മനെ കാണും. ഒരു കോഫി ചായ പ്രശ്നത്തോടെ ഓര് കയറിയ വണ്ടി നീങ്ങും അങ്ങനെ കഥ കഴിഞ്ഞു."
"ഇത്രേ ഒള്ളോ.. ഞാൻ വിചാരിച്ചു ഇനിയും ണ്ടാവുംന്ന്" - സുഹൃത്ത്.
ഈ പുസ്തകത്തിൽ സ്ത്രീ സഹജമായ കാര്യങ്ങൾ ഒരുപാട് ഉണ്ട്.ഈ പുസ്തകത്തിൽ ബഷീർ പറയുന്ന പ്രശസ്തമായ ഒരു വാക്കുണ്ട്. "സ്ത്രീകളുടെ വെട്ടി തുറന്നാലും തലച്ചോറ് എവിടെ കാണാനാണ്. മുഴുവൻ നിലാവെളിച്ചം അല്ലേ" എന്ന്. പ്രേമിക്കുന്നവർക്കിടയിൽ പല ഡീലുകളും നടക്കുമെങ്കിലും സാറാമ്മയ്ക്കുവേണ്ടി കേശവൻ നായർ തലകുത്തി നിന്നിട്ടുണ്ട്. എന്താല്ലേ കഷ്ടപ്പാട്..
അതുകൊണ്ടല്ലേ നമ്മൾ ഒന്നും പ്രേമിക്കാത്തെ. ഇത് വായിച്ച ഒരാൾക്ക് എത്രമാത്രം രസിച്ചിട്ടുണ്ട് എന്നും ബോറായിട്ടുണ്ടെന്നും എനിക്ക് അറിയാൻ പാടില്ല. ആയതിനാൽ, ഇത് എഴുതിയ എന്നെയും എന്റെ എഴുത്തിനെയും നിങ്ങൾ അംഗീകരിച്ചേ മതിയാവൂ..
അപ്പോൾ,
ഇതിനും ഒരു മധുരോധാരമായ മറുപടിയാൽ എന്നെ അനുഗ്രഹിച്ചുകൊണ്ട് ഒരു പുസ്തകം ഞാനും ആഗ്രഹിക്കുന്നു.
Shahala Shafi
P2
0 comments:
Post a Comment