Friday 15 June 2018

പോരാളിയുടെ മകൻ (Book Review) - ഫാത്തിമ ഷിഫ സി.കെ

 പോരാളിയുടെ മകൻ


അവസാന താളുകൾക്കപ്പുറം പിന്നെയും പലതും വായനക്ക് ബാക്കി വെക്കുന്ന പുസ്തകം! നഈം, അബ്ദുല്ല നിങ്ങൾ ഇരുവരുടെയും സ്നേഹത്തിന് മുമ്പിൽ ഞാൻ തോറ്റു പോയി. അദ്റയാവാൻ, നർഗീസാവാൻ ഞാനും കൊതിച്ചു. ജിഹാദിനോടുള്ള പ്രണയം ഓരോ അക്ഷരങ്ങളെയും പ്രണയിച്ച് മുന്നോട്ട് കുതിക്കാൻ എന്നെ വീണ്ടും വീണ്ടും വിളിച്ചു. 'ചില പ്രതികൂല സാഹചര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒറ്റയിരുപ്പിൽ തീർക്കുമായിരുന്നു നിന്നെ' എന്ന് പുസ്തകത്തെ നോക്കി പറയാൻ തോന്നിയത് ഒരിക്കലൊന്നുമല്ല. പുസ്തകത്തിൻ്റെ രചയിതാവിന്റെ ഒരു ലേഖനം പുസ്തകം വായിക്കാൻ തുടങ്ങുന്നതിൻ്റെ തൊട്ട് മുമ്പ് വായിച്ചത് യാദൃശ്ചികതക്കയ്പ്പുറം പ്രിയപ്പെട്ട പടച്ചോൻ്റെ തിരക്കഥയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത്രയേറെ എനിക്ക് രചയിതാവിൻ്റെ രചനാ ശൈലി ഇഷ്ടമാവാൻ തുടങ്ങിയിരുന്നു, നോവൽ വായിക്കാൻ തുടങ്ങിയപ്പോൾ അൽഭുതം സൃഷ്ടിക്കുകയായിരുന്നു ഓരോ താളുകളും.

വിശ്വാസവും മാനവികതയും കൈമുതലാക്കി അറേബ്യൻ ഉപദ്വീപിൻ്റെ അതിരുകൾക്കപ്പുറം ഏകദൈവവിശ്വാസത്തിൻ്റെയും നന്മയുടെയും പ്രകാശം പരത്തിയ ഒരു ചരിത്ര കാലഘട്ടത്തിൽ നിന്നും അടർത്തിയെടുത്ത സുവർണ്ണ താളുകളാണ് 'പോരാളിയുടെ മകൻ്റെ' ഇതിവൃത്തം.

ഉമവി കാലഘട്ടത്തിൽ നടന്നിട്ടുള്ള ചരിത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ വിശ്വാസികളുടെ അതുല്യമായ ജിഹാദിനോടുള്ള സ്നേഹം വളരെ മനോഹരമായി പുസ്തകത്തിൽ വരച്ചു കാണിക്കുന്നു. പ്രസ്തുത കാലഘട്ടത്തിന്റെ ചരിത്രത്തിനപ്പുറം വായനക്കാരനെ സ്വാധീനിക്കുവാൻ സാധിക്കുക ജിഹാദിന് അവർ നൽകിയ പ്രാധാന്യമാണ്. മാതാവ് മക്കൾക്ക് നൽകുന്ന ഗൃഹപാഠങ്ങൾ മുതൽ ഭാര്യ പകർന്നു നൽകുന്ന സ്നേഹത്താൽ നനഞ്ഞ ധൈര്യം വരെ. സ്വദേഹം വിശ്വാസത്തിന് വേണ്ടി മാറ്റിവെച്ച ഒരുപറ്റം മനുഷ്യ ഹൃദയങ്ങൾ വായക്കാരനെ കൊതിപ്പിക്കും .ഈ ഒരു അനുഭൂതി പകരാൻ കഴിയുന്ന കരുത്തുറ്റതും സരസവുമായ പ്രയോഗങ്ങളാണ് രചയിതാവ് ഉപയോഗിച്ചിട്ടുള്ളത്. ചരിത്ര സംഭവങ്ങളുടെ മനോഹരമായ ദൃസാക്ഷി വിവരണമെന്ന കണക്കെ അനന്യ സാധാരണമായ വാങ്മയ ചിത്രങ്ങൾ കൂടി വായനക്കാരന് സമ്മാനിക്കുന്ന പുസ്തകമാണ് 'പോരാളിയുടെ മകൻ.'


മരണാസന്നമായ പോരാളി നഈം മക്കളോട് പറയുന്ന വാക്കുകൾ വായനക്കാരൻ്റെ ഹൃദയത്തിൽ ജിഹാദിനെ പ്രതിഷ്ഠിക്കും.

"കുട്ടികളെ നിങ്ങൾ പുറപ്പെടൂ,നിങ്ങൾ കുതിരകളെ പായിക്കുന്നത് കാണാനാണ് ഞാനിവിടെ നിൽക്കുന്നത്."


ആരിഫ് സൈനിൻ്റെ ഈ ചരിത്രാഖ്യായികയിലെ അക്ഷരങ്ങളും കാത്തിരിക്കുന്നത് വായനക്കാരൻ്റെ ഹൃദയം തൊട്ട ജിഹാദാണ്, ശരീരം കൊണ്ടും മനസ്സ് കൊണ്ടുമുള്ള പോരാട്ടം.


Fathima Shifa C.K

D2 A/U

0 comments:

Post a Comment