Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Thursday, 20 December 2018

സ്വപ്നങ്ങൾക്ക്‌ ചിറകുകളുണ്ട് (Book Review) - ഷഹീദ ഖാത്തൂൻ

 സ്വപ്നങ്ങൾക്ക്‌ ചിറകുകളുണ്ട്


"പാതങ്ങൾക്ക് നിലത്തുറച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.... ഒന്നു നിവരാൻ ശരീരം വല്ലാതെ കൊതിച്ചു... പക്ഷെ പാതങ്ങളതിനു വിസമ്മതം പ്രകടിപ്പിച്ചു.... മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയവും പുറത്തേക്കു പോകുന്ന ശ്വാസവും ഇരു കൈയ്കളുമായിരുന്നു ഉള്ളിൽ ജീവനുണ്ടെന്നറിയിച്ചത്. എന്നിട്ടുമവർക്കീ ലോകത്ത് വിപ്ലവം സൃഷ്ടിക്കാനായെങ്കിൽ, ജനതയെ ഉണ്ണാർത്താനായെങ്കിൽ നമുക്കത് അനായാസകരമാണ്  തീർച്ച. തൂലികയാണവരുടെ ആയുധം. സഞ്ചരിക്കാനാവാത്ത പാതങ്ങളുമായി അവർക്കിനിയും എഴുത്തുകളിലൂടെ ഒരുപ്പാട് ദൂരം സഞ്ചരിക്കാനുണ്ട് ".

ഈ പുസ്തകത്തിലൂടെ യാത്ര നടത്തിയ സമയത്ത് മനസ്സിൽ നിന്നും ഉയർന്നു വന്ന വരികളാണിവ.

കെ.വി റാബിയ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു.

പക്ഷെ നമ്മളിൽ നിന്നും അവൾക്കൊരു വ്യത്യാസം ഉണ്ടായിരുന്നു. അവളുടെ ഇരു കാലുകൾക്കും ശേഷിയില്ലായിരുന്നു. പക്ഷെ വിധിയുടെ മുൻപിൽ തോറ്റു കൊടുക്കാൻ അവൾ തയ്യാറായില്ല. അവർ തന്റെ ജീവിതത്തോട് പോരാടി. വിദ്യാഭ്യാസം നേടി. അതു തന്റെ നാട്ടിലുള്ള മറ്റുള്ളവർക്കായി പകർന്നു കൊടുത്തു. വൈദ്യുതിയില്ലാത്ത തന്റെ നാട്ടിൽ വെളിച്ചം കൊണ്ടു വരാൻ അവൾ ഒരു കാരണക്കാരിയായി. റോഡുകളില്ലാത്ത തന്റെ നാട്ടിൽ റോഡുകൾ വരാനും അവളൊരു കാരണക്കാരിയായി. അറിവിൽ പുറകോട്ടായിരുന്ന അവളുടെ നാട്ടിൽ അറിവിന്റെ വെളിച്ചം പകരാൻ അവർക്ക് സാധിച്ചു.

ജീവിതത്തിൽ പോരാടി മുന്നേറിയ കെ.വി റാബിയയുടെ ആത്മകഥ നമ്മളെല്ലാവരും വായിച്ചിരിക്കേണ്ടതു തന്നെയാണ്. നമുക്കതിൽ ഉൾക്കൊള്ളാൻ ഒരുപാട് പാഠങ്ങളുണ്ട് താനും.


Shaheeda Ghathoon T. K

D3 FA

Monday, 15 October 2018

ആൽക്കെമിസ്റ്റ് (Book Review) - ഫർസിന എം.പി

 ആൽക്കെമിസ്റ്റ്


പൗലോ കൊയ്ലോയുടെ പ്രസിദ്ധമായ ഒരു നോവൽ എന്നതിലുപരി ഒരു പ്രചോദന ഗ്രന്ഥമാണ് ആൽകെമിസ്റ്റ്. നിമിത്തങ്ങളും ശകുനങ്ങളും സൂചനകളും ഗണിച്ച് സന്ദേഹിയായ മനുഷ്യന്റെ സൗഭാഗ്യം തേടിയുള്ള യാത്രയാണ്  `ദി ആൽകെമിസ്റ്റ്'. ഏത്  ലോഹത്തെയും സ്വർണമാക്കി മാറ്റാനുള്ള അത്ഭുത വിദ്യ കൈവശമുള്ളവൻ എന്നതാണ് ഈ ആൽകെമിസ്റ്റ് എന്ന പദത്തിന്റെ അർഥം. ജീവിത വിജയത്തിന് വേണ്ടിയുള്ള ഒരുപാട് മാർഗങ്ങൾ പാലോ കൊയ്ലോ ഈ നോവലിലൂടെ  നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നു.


സാന്റിയാഗോ എന്ന ആട്ടിടയന്റെ നിധി തേടിയുള്ള ഒരു യാത്രയാണ് ഈ കഥ. അദ്ദേഹം ഒരു സ്വപ്നം കാണുകയും ആ സ്വപ്നവ്യാഖ്യാനം അന്വേഷിക്കുകയും ചെയ്തു. ഈജിപ്തിലെ രണ്ടു പിരമിഡുകൾക്കിടയിൽ ഒരു നിധി ഉണ്ടെന്നതായിരുന്നു ആ വ്യാഖ്യാനം. നിധി തേടിയുള്ള യാത്രയ്ക്ക് മുമ്പ് അവനൊരു ഗുരുവിനെ കണ്ടുമുട്ടുന്നു. ആ ഗുരുവിന്റെ സാരോപദേശങ്ങളാണ് സാന്റിയാഗോയെ നിധിയുടെ കണ്ടെത്തലിന് സഹായിച്ചത്. മറ്റുള്ളവരെപ്പോലെ ആവാൻ ശ്രമിക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വിഢിത്തം. മറ്റുള്ളവരെപ്പോലെ ആവാൻ ശ്രമിക്കുമ്പോൾ നമ്മൾ സ്വയം മരിക്കുന്നു. ' ഓരോരുത്തരും വ്യത്യസ്തരാണ്... മറ്റുള്ളവനുമാകില്ല, നീയുമാകില്ല'. ഓരോരുത്തരുടെയുംവിധി നിർണയിക്കുന്നത് യാത്രയിലാണ്. പൗലോ കൊയ്ലോ നമുക്ക് മുന്നിൽ നൽകുന്ന മറ്റൊരു പാഠമാണ് ആരെയും അത്ര നിസ്സാരമായി കാണരുത്, നിസാരമായി കാണുന്ന പലരുമാവാം ജീവിത്തിലെ വഴിത്തിരിവാകുന്നത്. അവസരങ്ങൾ ഒരിക്കലെങ്കിലും എല്ലാവരുടെയും വാതിലിൽ വന്ന് മുട്ടി വിളിക്കും. അപ്പോൾ എടുക്കുന്ന തീരുമാനം അയാളുടെ വിധി നിശ്ചയിക്കും. സാന്റിയാഗോ തന്റെ നിധി തേടിയുള്ള യാത്ര തുടങ്ങുമ്പോൾ ഗുരു ചോദിച്ചു: പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യ എന്താണ്? ഗുരു തന്നെ അവന് പറഞ്ഞു കൊടുത്തു: ജീവിത യാത്രയ്ക്കിടയിൽ ചിലപ്പോൾ മനുഷ്യന് അവന്റെ അവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു.  നിഷ്ക്രിയൻ ആകുന്നു. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മിഥ്യ.


" നിങ്ങൾ ശരിക്കും എന്തെങ്കിലും ആഗ്രഹിക്കുമ്പോൾ അത് നേടാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തുന്നു". ഈ പുസ്തകം അതിരുകൾ ഭേദിക്കുകയും ലോകമെമ്പാടും ഒരു ചലനം സൃഷ്ടിക്കുകയും ചെയ്തു. സാന്റിയാഗോയുടെ യാത്രയും ആത്മീയാന്വേഷണവും അവൻ കണ്ടുമുട്ടുന്ന ആളുകളും അവൻ കാണുന്ന സ്വപ്നങ്ങളും അവൻ കണ്ടുമുട്ടുന്ന ശകുനങ്ങളും അവൻ സംസാരിക്കുന്ന ഭാഷയും എല്ലാം നമുക്ക് ബന്ധപ്പെടുത്താവുന്നവയാണ്. നമ്മൾ മറന്നു പോയതോ അല്ലെങ്കിൽ വെറുതെ തള്ളിക്കളഞ്ഞതോ ആയ കാര്യങ്ങൾ. ബാല്യകാല ഭാവനകൾ വ്യക്തിഗത ഇതിഹാസം കണ്ടെത്തുന്നു. തടസ്സങ്ങൾ കണക്കിലെടുക്കാതെ നമ്മുടെ സ്വപ്നത്തെ പിന്തുടരുന്നതും നമ്മുടെ ഭാഗവും ദൈവത്തിന്റെ ഭാഗവുമായ പ്രപഞ്ചവും ആയി ആത്മീയമായി ബന്ധപ്പെട്ടിരിക്കുന്നതിനെ കുറിച്ചാണ്. നാമെല്ലാവരും ഒന്നാണ്. ഈ പുസ്തകം വായിക്കുന്നത് ഞാൻ നിർത്തിവെച്ച സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ശരിയായ പാതയിലേക്ക് എന്നെ എപ്പോഴും തിരികെ കൊണ്ടുവരുന്നു. നാം വെറുക്കുന്ന ഒരു കരിയർ പിന്തുടരുന്നത് പോലെ എല്ലാവരും നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത് ചെയ്യാൻ നമ്മൾ എപ്പോഴും ശ്രമിക്കുന്നു. കാരണം അത് എല്ലാവരും ശ്രമിക്കുന്നതാണ്. വ്യക്തിപരമായ ഇതിഹാസം തിരിച്ചറിഞ്ഞ്മരങ്ങളോടും ഉറുമ്പുകളോടും ആകാശത്തോടും ഭൂമിയുടെ കാതലിനോടും വായു കണങ്ങളോടും സ്വന്തം ഹൃദയത്തോടും സംസാരിക്കാൻ കഴിയുന്നു, ചുറ്റുമുള്ള എല്ലാത്തിനോടും ആഴത്തിലുള്ള ആത്മീയ ബന്ധം അനുഭവിക്കുക, ഉള്ളിന്റെയുള്ളിൽ ദൈവത്തെ അനുഭവിക്കുക, പരാജയപ്പെടുമെന്നോ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനോ ഭയപ്പെടാതിരിക്കുക എന്നത് ഈ പുസ്തകം എനിക്ക് നൽകിയ ചില കാര്യങ്ങളിൽ ചിലതുമാത്രമാണ്.


Farsina M.P

B-com 2nd year

Thursday, 5 July 2018

أهل الكهف (نبذة عن مسرحية "أهل الكهف" لتوفيق الحكيم) - أديب اسماعيل كارات

 أهل الكهف 


 هذه المسرحية أهل الكهف التي كتبها الكاتب المصري الشهير توفيق الحكيم يصور فيها الكاتب تصوير دقيقا، رائعا، ومبدعا لقصة أهل الكهف التي رواها القرآن الكريم مع مزيدات من نفس الكتاب من خياله. تدور القصة حول ثلاث فتيان اعتنقوا  دين المسيحية بعد أن كانوا و ثنيين. وهم مرنوش، مشلينيا ويمليخا الراعي. مرنوش ومشلينيا كانا يمين وشمال الملك الوثني دقيانوس الذي أمر بالمذبحة لما عرف بخبر اعتناق الفتيان دين المسيحية. آووا إلى الكهف منعزلين مختفين من الناس. ضرب الله على آذانهم سنين عددا مدتها ثلاث مائة عام. عثر عليهم الناس بعد هذه المدة وأتوا بهم إلى القصر تعظيما لشأنهم. وها هي الأحوال قد  تغير والملك ليس بدقيانوس. وما إن لبث حتى رجعوا على أعقابهم الى الكهف الذي كانوا فيه لما عرف أن العصر الراهن الذي يمرون به ليس بعصرهم الذي كانوا يعيشون قبل ثلاث مائة سنة. يوضع الستار على المشهد الأول الذي كان الفتيان الثلاثة يضطجعون في الكهف على ظهورهم. ناداهم ربهم إليه فلبوه. يصف الكاتب أيضا وصفا دقيقا شدة العشق الذي يجن فيه العاشق. كما بين مشيلينا وبريسكا ابنة دقيانوس

 

                         أديب اسماعيل كارات

Friday, 15 June 2018

പോരാളിയുടെ മകൻ (Book Review) - ഫാത്തിമ ഷിഫ സി.കെ

 പോരാളിയുടെ മകൻ


അവസാന താളുകൾക്കപ്പുറം പിന്നെയും പലതും വായനക്ക് ബാക്കി വെക്കുന്ന പുസ്തകം! നഈം, അബ്ദുല്ല നിങ്ങൾ ഇരുവരുടെയും സ്നേഹത്തിന് മുമ്പിൽ ഞാൻ തോറ്റു പോയി. അദ്റയാവാൻ, നർഗീസാവാൻ ഞാനും കൊതിച്ചു. ജിഹാദിനോടുള്ള പ്രണയം ഓരോ അക്ഷരങ്ങളെയും പ്രണയിച്ച് മുന്നോട്ട് കുതിക്കാൻ എന്നെ വീണ്ടും വീണ്ടും വിളിച്ചു. 'ചില പ്രതികൂല സാഹചര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒറ്റയിരുപ്പിൽ തീർക്കുമായിരുന്നു നിന്നെ' എന്ന് പുസ്തകത്തെ നോക്കി പറയാൻ തോന്നിയത് ഒരിക്കലൊന്നുമല്ല. പുസ്തകത്തിൻ്റെ രചയിതാവിന്റെ ഒരു ലേഖനം പുസ്തകം വായിക്കാൻ തുടങ്ങുന്നതിൻ്റെ തൊട്ട് മുമ്പ് വായിച്ചത് യാദൃശ്ചികതക്കയ്പ്പുറം പ്രിയപ്പെട്ട പടച്ചോൻ്റെ തിരക്കഥയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത്രയേറെ എനിക്ക് രചയിതാവിൻ്റെ രചനാ ശൈലി ഇഷ്ടമാവാൻ തുടങ്ങിയിരുന്നു, നോവൽ വായിക്കാൻ തുടങ്ങിയപ്പോൾ അൽഭുതം സൃഷ്ടിക്കുകയായിരുന്നു ഓരോ താളുകളും.

വിശ്വാസവും മാനവികതയും കൈമുതലാക്കി അറേബ്യൻ ഉപദ്വീപിൻ്റെ അതിരുകൾക്കപ്പുറം ഏകദൈവവിശ്വാസത്തിൻ്റെയും നന്മയുടെയും പ്രകാശം പരത്തിയ ഒരു ചരിത്ര കാലഘട്ടത്തിൽ നിന്നും അടർത്തിയെടുത്ത സുവർണ്ണ താളുകളാണ് 'പോരാളിയുടെ മകൻ്റെ' ഇതിവൃത്തം.

ഉമവി കാലഘട്ടത്തിൽ നടന്നിട്ടുള്ള ചരിത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ വിശ്വാസികളുടെ അതുല്യമായ ജിഹാദിനോടുള്ള സ്നേഹം വളരെ മനോഹരമായി പുസ്തകത്തിൽ വരച്ചു കാണിക്കുന്നു. പ്രസ്തുത കാലഘട്ടത്തിന്റെ ചരിത്രത്തിനപ്പുറം വായനക്കാരനെ സ്വാധീനിക്കുവാൻ സാധിക്കുക ജിഹാദിന് അവർ നൽകിയ പ്രാധാന്യമാണ്. മാതാവ് മക്കൾക്ക് നൽകുന്ന ഗൃഹപാഠങ്ങൾ മുതൽ ഭാര്യ പകർന്നു നൽകുന്ന സ്നേഹത്താൽ നനഞ്ഞ ധൈര്യം വരെ. സ്വദേഹം വിശ്വാസത്തിന് വേണ്ടി മാറ്റിവെച്ച ഒരുപറ്റം മനുഷ്യ ഹൃദയങ്ങൾ വായക്കാരനെ കൊതിപ്പിക്കും .ഈ ഒരു അനുഭൂതി പകരാൻ കഴിയുന്ന കരുത്തുറ്റതും സരസവുമായ പ്രയോഗങ്ങളാണ് രചയിതാവ് ഉപയോഗിച്ചിട്ടുള്ളത്. ചരിത്ര സംഭവങ്ങളുടെ മനോഹരമായ ദൃസാക്ഷി വിവരണമെന്ന കണക്കെ അനന്യ സാധാരണമായ വാങ്മയ ചിത്രങ്ങൾ കൂടി വായനക്കാരന് സമ്മാനിക്കുന്ന പുസ്തകമാണ് 'പോരാളിയുടെ മകൻ.'


മരണാസന്നമായ പോരാളി നഈം മക്കളോട് പറയുന്ന വാക്കുകൾ വായനക്കാരൻ്റെ ഹൃദയത്തിൽ ജിഹാദിനെ പ്രതിഷ്ഠിക്കും.

"കുട്ടികളെ നിങ്ങൾ പുറപ്പെടൂ,നിങ്ങൾ കുതിരകളെ പായിക്കുന്നത് കാണാനാണ് ഞാനിവിടെ നിൽക്കുന്നത്."


ആരിഫ് സൈനിൻ്റെ ഈ ചരിത്രാഖ്യായികയിലെ അക്ഷരങ്ങളും കാത്തിരിക്കുന്നത് വായനക്കാരൻ്റെ ഹൃദയം തൊട്ട ജിഹാദാണ്, ശരീരം കൊണ്ടും മനസ്സ് കൊണ്ടുമുള്ള പോരാട്ടം.


Fathima Shifa C.K

D2 A/U

Thursday, 7 June 2018

ഞാൻ മലാല (Book Review) - നജ

 ഞാൻ മലാല


തീവ്രവാദത്തിനും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും എതിരെയുള്ള പോരാട്ടത്തിൽ പുസ്തകവും പേനയും ആണ് ഏറ്റവും ശക്തമായ ആയുധമെന്ന് ലോകജനതയെ ബോധ്യപ്പെടുത്തിയ മലാല യൂസഫ് സായിയുടെ ജീവിതകഥ.


'ആരാണ് മലാല?' മലാല യൂസഫ്സായി എന്ന പാക്കിസ്ഥാനി പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഈ ചോദ്യത്തിനു ശേഷമാണ്. അവളുടെ കഥ ലോകം അറിഞ്ഞു തുടങ്ങിയതും അതിനുശേഷം. ഇങ്ങനെ ചോദിച്ചുകൊണ്ട് സ്കൂൾ ബസ്സിലേക്ക് ചാടിക്കയറിയ അക്രമി അവളുടെ തലയിലേക്ക് നിറയൊഴിച്ചത് 2012 ഒക്ടോബർ 9ന് ആയിരുന്നു.


ഒരു വർഷം പിന്നിടുമ്പോൾ ആരാണ് മലാല എന്നറിയാത്തവർ ഇല്ലെന്ന് തന്നെ പറയാം. അതിലും പ്രധാനം ഞാനാണ് മലാല എന്ന് ഉത്തരം പറയുന്ന ആയിരക്കണക്കിന് പെൺകുട്ടികൾ ഉണ്ടായി എന്നതാണ്. അവർ ഉറച്ച സ്വരത്തിൽ ചോദിക്കുന്നു: ഞാനാണ് മലാല, പഠിക്കാനുള്ള എൻ്റെ അവകാശത്തെ ചോദ്യം ചെയ്യാൻ നിങ്ങളാര്?


ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ത്രസിപ്പിക്കാൻ പോകുന്ന വലിയൊരു ജനമുന്നേറ്റത്തിന് തുടക്കം കുറിച്ച വ്യക്തി എന്ന നിലക്കാണ് മലാലയെ ചരിത്രം അടയാളപ്പെടുത്തുകയെന്നുറപ്പ്. സ്വാത് താഴ്‌വരയിൽ നിന്ന് ലോകത്തിൻറെ മുൻനിരയിലേക്കുള്ള മലാലയുടെ പരിവർത്തനം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള വളരെ പരിമിതമായ അന്വേഷണമാണ് ഈ പുസ്തകം.


മലാലയുടെ കഥ അവളുടെ പിതാവ് സിയാവുദ്ദീൻ യൂസഫ്സായിയുടെ കഥ കൂടിയാണ്. അക്ഷരങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും മഹത്വം ശരിയായി മനസ്സിലാക്കിയ കവി കൂടിയായ സിയാവുദ്ദീന്റെ തണലില്ലായിരുന്നുവെങ്കിൽ മലാല ഇങ്ങനെയാകുമായിരുന്നില്ല. പെൺകുട്ടികൾ പിറക്കുന്നത് അശുഭകരമായി കാണുന്ന ഒരു സമൂഹത്തിൽ തന്റെ മകളെ അയാൾ ആൺമക്കളെക്കാൾ സ്നേഹിച്ചു വളർത്തി. ആൺകുട്ടികൾ പിറന്നാൽ കാണാൻ വീട്ടിലെത്തുന്നവർ തൊട്ടിലിലേക്ക് പണവും ഉണക്കപ്പഴങ്ങളും എറിയുന്ന ചടങ്ങ് സ്വാതിലുണ്ട്. പെൺകുഞ്ഞായതിനാൽ മലാലയെ കാണാൻ വന്നവരാരും അങ്ങനെ ചെയ്തില്ല. ഇതിൽ ദുഃഖിതനായ സിയാവുദ്ദീൻ സ്വന്തം കയ്യിൽ നിന്നും പണം എടുത്ത് അതിഥികൾക്ക് തൊട്ടിലിടാൻ നൽകുമായിരുന്നു. മലാല ഒരു പക്ഷിയെ പോലെ സ്വതന്ത്രയായി നടക്കണം എന്നതു മാത്രമായിരുന്നു മകളെ കുറിച്ചുള്ള അയാളുടെ സ്വപ്നം.


പി എസ് രാകേഷ് എഴുതിയ മലാല യൂസഫിന്റെ ഹൃദയസ്പർശിയായ ജീവിതകഥയും കൂടെ ചേർത്ത അവളുടെ ഡയറിക്കുറിപ്പുകളും വായിച്ചപ്പോൾ മലാല മനസ്സിൽ ഏറെ തിളക്കമുള്ളവളായി, മുമ്പുണ്ടായിരുന്നതിനേക്കാൾ ഏറെ. സ്ത്രീ ജീവിതങ്ങളെ പറ്റി നവീനാശയങ്ങളുള്ള കവി കൂടിയായ അവളുടെ പിതാവിൻ്റെ ഹൃദയാലുത്വവും, മലാലയുടെ ഡയറിക്കുറിപ്പുകളിലെ നിഷ്കളങ്കതയും, അവൾക്കും കൂട്ടുകാർക്കും നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുമൊക്കെ

നമ്മെ ഏറെ വേദനിപ്പിക്കുന്നു. അവൾ സോഷ്യൽ നെറ്റ്വർക്ക് സൈറ്റിൽ എത്തിപ്പെട്ടതിന്റെ അനിവാര്യതയും നമുക്ക് ബോധ്യപ്പെടുന്നു. ആക്രമിക്കപ്പെടുന്നതിനു മുമ്പ് തന്നെ അവൾ തുടങ്ങിവച്ച സാക്ഷരതാ പ്രവർത്തനങ്ങളും ഇനിയും ഭാവിയിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീ നവോത്ഥാന സംരംഭങ്ങളും നാം ആഹ്ലാദത്തോടെ ആദരവോടെ നോക്കിക്കാണാൻ തുടങ്ങുന്നു. 2013 ഒക്ടോബർ 11ന് യു എസ് പ്രസിഡൻ്റ് ബരാക് ഒബാമയെ കാണാൻ അവസരം ലഭിച്ചപ്പോൾ മലാല ആദ്യം ഉന്നയിച്ച ആവശ്യം പാക്കിസ്ഥാനിൽ യു എസ് സൈന്യം നടത്തുന്ന ഡ്രോൺ അക്രമണം നിർത്തണമെന്നാണ്. പാക്കിസ്ഥാനിലെ ഭരണാധികാരികൾ പോലും കാട്ടാത്ത ധൈര്യം.


സ്ത്രീ, വിദ്യ അഭ്യസിക്കുന്നതിനെയും അവൾക്ക് സ്വതന്ത്ര ചിന്തകൾ ഉണ്ടാകുന്നതിനെയും വല്ലാതെ ഭയപ്പെടുന്നുണ്ട് മതമൗലിക വാദക്കാർ. അതുകൊണ്ടാണ് സ്ത്രീകളെ ശബ്ദമില്ലാത്ത, എളുപ്പം മെരുക്കാവുന്ന കാലിക്കൂട്ടങ്ങൾ ആയി 'സംരക്ഷിച്ചു' നിർത്താൻ അവർ വ്യഗ്രതപ്പെടുന്നത്.


വിശുദ്ധഗ്രന്ഥത്തിന്റെയും നബിവചനങ്ങളുടെയും പേര് പറഞ്ഞു നടത്തുന്ന ഈ ഒതുക്കൽ തന്ത്രങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു, ഇന്ന് മുസ്ലിം സ്ത്രീ സമൂഹം. മലാലയ്ക്ക് കിട്ടിയ സ്ത്രീ പിന്തുണ അതാണ് സൂചിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് തീവ്രവാദികൾ അക്ഷരങ്ങളെ ഭയക്കുന്നത്, അറിവിനെ ഒളിക്കുന്നത്?

വിദ്യാഭ്യാസത്തിൻറെ ശക്തി അവരെ ഭയപ്പെടുത്തുന്നു. സ്ത്രീകളുടെ ശബ്ദം പോലും അവർക്ക് അസഹ്യമാകുന്നു. അതുകൊണ്ടാണ്, ക്വെറ്റയിൽ നിഷ്കളങ്കരായ 14 കുട്ടികളെ അവർ കൊന്നൊടുക്കിയത്, അധ്യാപികമാരെ ഇപ്പോഴും വധിക്കുന്നത്,bവിദ്യാലയങ്ങൾ തന്നെ ബോംബിട്ട് തകർക്കുന്നത്. അതെ, വിദ്യാഭ്യാസം സമൂഹത്തിലേക്ക് കടത്തിവിടുന്ന സ്വതന്ത്ര ചിന്തയുടെയും സമത്വത്തിന്റെയും വെളിച്ചത്തെ അവർ അത്രമേൽ ഭയക്കുന്നുണ്ട്. 


"ഞാൻ സംസാരിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല, എന്നെപ്പോലെ ആക്രമിക്കപ്പെട്ട, എന്നാൽ അതിനെതിരെ ശബ്ദിക്കാൻ കഴിയാത്ത ആയിരങ്ങൾക്ക് വേണ്ടിയാണ്. സമാധാനത്തോടെയും ആത്മാഭിമാനത്തോടെയും ഉള്ള ജീവിതവും വിദ്യാഭ്യാസവും സമനീതിയും അവർക്കും അർഹതപ്പെട്ടതാണ്. ആ അവകാശങ്ങൾക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്". - മലാല യൂസഫ്സായി 


കൂട്ടുകാരെ, ഓരോ കുഞ്ഞിനും തിളക്കമുള്ള ജീവിതത്തിന് അവകാശമുണ്ട്. അതിന് സ്കൂളുകളും വിദ്യാഭ്യാസവും വേണം. അറിവും സമാധാനവും വേണം. നമ്മുടെ അവകാശങ്ങൾക്കുവേണ്ടി ഒരുമിച്ചു നിന്ന് ശബ്ദം ഉയർത്താം..

നമ്മുടെ വാക്കുകളുടെ ശക്തിയിൽ വിശ്വാസം അർപ്പിക്കാം. ഒരുമിച്ചുള്ള നമ്മുടെ ശബ്ദം ലോകത്തെ മാറ്റിമറിക്കും. അറിവുകൊണ്ട് നമുക്ക് സ്വയം സജ്ജരാകാം. സ്നേഹത്തിലും ഐക്യത്തിലും ഒന്നാവാം. നമ്മളെ തടയാൻ ആർക്കുമാവില്ല.


Naja

Preli 1st

Wednesday, 28 March 2018

1920 മലബാർ (Book Review) - ഹഫ്‌ന കെ.പി

 1920 മലബാർ


കനലൊടുങ്ങാത്ത ഒരു മഹാ വിപ്ലവത്തിന്റെ പുനരാഖ്യാനമാണ് 1920 മലബാർ എന്ന നോവലിലൂടെ ഹക്കീം ചോലയിൽ  നമ്മോട് പറയുന്നത്. ഡിസി കിഴക്കേമുറി ജന്മശതാബ്ദി സ്മാരക നോവൽ മത്സരത്തിൽ 1920 മലബാർ എന്നാ ഈ നോവൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചരിത്രവും കഥയും വേറിട്ട്‌ നിർത്താതെ വളരെ സൂക്ഷ്മമായി കഥ ചരിത്രത്തിൽ ലയിപ്പിച്ച് കൊണ്ടാണ് കഥാകാരൻ രചിച്ചിട്ടുള്ളത്.


കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ ചർച്ചക്ക് വിധേയമായിട്ടുള്ളതും ഈ വാർത്തമാനക്കാലത്തിലും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ സമരമാണ് 1920-ലെ മലബാർ. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചില നോവലുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും 1920-ലെ മലബാർ കലാപത്തെ സജീവ പശ്ചാത്തലമാക്കിയുള്ള ഒരു പ്രണയ കഥയാണ് ഇവിടെ ഹക്കീം ചോലയിൽ രചിച്ചിട്ടുള്ളത്. മലബാർ കലാപ കാലഘട്ടത്തിൽ ഏറനാട്ടിലുള്ള മുസ്ലിംകളുടെ ജീവിതം ബൽക്കീസ് എന്ന മുസ്‌ലിം ബാലികയുടെ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുകയാണ്. മുസ്ലിംകളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ സൂക്ഷമമായി രേഖപ്പെടുത്തിയിട്ടുണ്ട്.

           

ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് മുസ്ലിം ബാലികയായ ബൽക്കീസും ഇംഗ്ലീഷ്കാരനായ ജസ്റ്റിനും. ബൽക്കീസിന്റെ ഉമ്മയുടെ മരണശേഷം അവൾ അവളുടെ ഉപ്പയുടെ കൂടെ തറവാട്ടിൽ വന്നു താമസിക്കുന്നു. അവിടെ അവൾക്ക് ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ട്. അങ്ങനെ തന്റെ രണ്ടാനുമ്മയുമായുള്ള ജീവിതത്തിനിടയിൽ അവൾ കുറച്ചപ്പുറത്തുള്ള ബംഗ്ലാവിൽ ജസ്റ്റിനെ കണ്ടുമുട്ടുന്നു. അവർ പറയാതെ പറയുന്ന പ്രണയവും ബംഗ്ലാവിലെ അവളുടെ ലൈബ്രറി ജോലിയുമെല്ലാം പറയുന്നു. അങ്ങനെയിരിക്കെ അവളുടെ ബാപ്പ മൂന്നാമത് ഒരു വിവാഹം കൂടി കഴിക്കുന്നു. അതിൽ അവളുടെ രണ്ടാനുമ്മക്കുണ്ടാകുന്ന സങ്കടങ്ങളും തന്റെ സഹോദരിയുടെ വിവാഹവുമെല്ലാം വളരെ സങ്കടപ്പെടുത്തുന്നുണ്ട്. പിന്നീട് കലാപങ്ങൾക്കെല്ലാം തുടക്കം കുറിച്ചപ്പോൾ അവളുടെ ബാപ്പയെ സായിപ്പിനെതിരെ പ്രവർത്തിക്കാൻ പലരും നിർബന്ധിച്ചിട്ടും ബാപ്പ സമ്മതിച്ചില്ല. ജോലി ഉപേക്ഷിച്ചുവെങ്കിലും അവർക്ക് എതിർ ചെയ്യാൻ പറ്റില്ല എന്ന് ബാപ്പ ഉറപ്പിച്ചു. ഇതിനിടയിൽ കോൺഗ്രസ്സിനെ കുറിച്ചും ഖിലാഫത്ത് പ്രസ്ഥാനത്തെ കുറിച്ചുമെല്ലാം വളരെ ഭംഗിയായികൊണ്ടും ഒട്ടും മടുപ്പിക്കാത്ത രീതിയിലും കഥാകാരൻ പരാമർശിക്കുന്നുണ്ട്.

                

കലാപം നടക്കുകയാണെങ്കിൽ അത് ആദ്യം തന്റെ കുടുംബത്തെയാണ് ബാധിക്കുക എന്നറിയുന്നത് കൊണ്ട് തന്നെ അവളെ അവളുടെ സഹോദരിയെ കല്യാണം കഴിച്ച വീട്ടിലേക്ക് പറഞ്ഞ് വിടുന്നു. 'ഒരു വിരുന്നുകാരിയായി പോയി ഒരു വേലക്കാരിയാകുന്നത് ഞാൻ അറിയുന്നു' എന്നാണ് അവൾ അതിനെ കുറിച്ച് പറഞ്ഞത്. അവിടുത്തെ ജീവിതത്തിനിടയിലും തന്റെ പ്രണയം സാക്ഷത്ക്കാരമാകാത്ത ഒരു സ്വപ്നമാണെന്ന് വിശ്വസിച്ച് അവൾ നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ജസ്റ്റിൻ അവളെ അവിടെ നിന്നും കൊണ്ട് പോയി. അവർ രണ്ട് പേരും ഒളിവ് ജീവിതം നയിച്ചു.


അവൾ ഏറെ ആസ്വദിച്ചതും അവൻ പെട്ടെന്ന് തീരാൻ കാത്തിരുന്നതുമായിരുന്നു അത്. അങ്ങനെ ശവങ്ങൾക്കിടയിലൂടെയും കലാപത്തിന്റെ ഭീകരതകൾക്കിടയിലൂടെയും പട്ടാളക്കാരുടെ ക്രൂരതകൾക്കിടയിലൂടെയും അവർ എത്തിപ്പെട്ടത് ജസ്റ്റിന്റെ കത്തിക്കരിഞ്ഞ ബംഗ്ലാവിലേക്കായിരുന്നു. അവർ അവിടെയിരുന്നു കരയുന്ന സമയത്ത് അവരെ ഒരു കൂട്ടം ഖിലാഫത്ത്  പ്രസ്ഥാനക്കാർ കാണുന്നു. അവരുടെ കത്തിക്ക് ഇരയാക്കപ്പെടുകയായിരുന്നു ജസ്റ്റിൻ. അവൾക്ക് അലറി വിളിച്ച് കരയാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. അങ്ങനെ വീണ്ടും തറവാട്ട് വീട്ടിൽ എത്തിപ്പെട്ട അവൾ ജീവിച്ചിരിക്കുന്ന ഒരു ശവം പോലെ അവിടെ കഴിയാൻ തുടങ്ങി.

    

അവിടെ നിന്നും തന്റെ സഹോദരൻ വഴി ഖിലാഫത്ത് പ്രസ്ഥാനക്കാരുടെ കത്തിക്ക് അവളുടെ ബാപ്പ ഇരയാക്കപ്പെട്ടതും അവളുടെ രണ്ടാനുമ്മയുടെ മരണവുമെല്ലാം അവൾ അറിഞ്ഞു. അവൾ ഉദ്ദേശിച്ച പോലെ വളരെ ക്രൂരയല്ല അവളുടെ ഉമ്മ എന്നാണ് അവൾ ഉമ്മയെ കുറിച്ച് പറഞ്ഞത്. അവൾക്ക് വിശപ്പ് നശിച്ച് അങ്ങനെ അവൾ അവളുടെ കഥ എഴുതാൻ തുടങ്ങി.

   

ഒരു ദിവസം അവൾ എഴുതികൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്നും ഉച്ചഭാഷിണി വഴി "വീട് കത്തിക്കുകയാണെന്നും ആരെങ്കിലും അകത്തുണ്ടെങ്കിൽ പുറത്ത് വരണമെന്നും" വിളിച്ച് പറഞ്ഞു. അപ്പോൾ അവളുടെ സഹോദരൻ കയറി വന്നു അവളോട് ഇറങ്ങി പോകാൻ പറഞ്ഞെങ്കിലും തന്റെ വീടിനൊപ്പം ഇല്ലാതാകാൻ അവൾ തീരുമാനിച്ചു. തീ നാളങ്ങൾക്ക് പെട്ടെന്ന് വിഴുങ്ങി കളയാൻ വേണ്ടി തന്റെ വസ്ത്രങ്ങളെല്ലാം ഊരി താൻ എഴുതിക്കൊണ്ടിരിക്കുന്ന പേപ്പറുകൾ എല്ലാം നശിക്കാതിരിക്കാനായി ഇരുമ്പ് പെട്ടിയിൽ  വെച്ച് അടച്ചു തീ നാളങ്ങൾക്ക് വേണ്ടി അവൾ കിടന്ന് കൊടുത്തു. താനും തന്റെ കുടുംബവും മരണപ്പെട്ടാലും കുടുംബത്തിന്റെ ചരിത്രം നിലനിൽക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു.

            

മുസ്ലിം ജീവിത പരിസരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ സൂക്ഷ്മമായി തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം ഇഷ്ട്ടപ്പെടുന്ന ഏതൊരാൾക്കും വളരെ താൽപ്പര്യപൂർവ്വം വായിക്കാൻ പറ്റുന്ന രൂപത്തിലാണ് ഹക്കീം ചോലയിൽ  ഈ പുസ്‌തകം അവതരിപ്പിച്ചിട്ടുള്ളത്.

      

Hafna K. P

Preli 2nd

Tuesday, 20 March 2018

ബാല്യകാല സഖി (Book Review) - ഫർഹാന സി

ബാല്യകാല സഖി


ബഷീർ കൃതികളുടെ ആസ്വാദനം എന്നതിനെക്കാൾ ബഷീർ എന്ന ഇമ്മിണിബല്യേ ഒന്നിനെ തന്നെയാണ്‌ യഥാർ‌ഥത്തിൽ ആസ്വദിക്കേണ്ടത്. ബഷീറിന്റെ ബാല്യകാല സഖി ഓരോ വായനക്കരന്റെയും സഖിയാണ്‌. കാളിദാസൻ മരിച്ചു, കണ്വമാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല, എന്ന വയലാറിന്റെ വരികളിലെ കാൽ‌പനികത പോലെയാണ്‌ ബഷീർ കഥാപാത്രങ്ങളുടെ കഥയും.

എഴുത്തുകാരനും, ചുറ്റും കൂടിയവരും, വിമർ‌ശകരും, ആസ്വാദകരും ഒക്കെ മരിച്ചു പോയിരിക്കുന്നു. പക്ഷെ ബഷീറിന്റെ കഥാപാത്രങ്ങൾ ആരും തന്നെ മരിച്ചിട്ടില്ല - മരിക്കുകയും ഇല്ല.


ഭാഷാ പ്രയോഗങ്ങളിലെ വ്യാകരണ ധർ‌മ്മങ്ങളെക്കാൾ തന്റെ വിഭാവനയിലെ കഥാ തന്തുവിലെ മർ‌മ്മങ്ങളായിരുന്നു ബഷീറിന്‌ പഥ്യം. അക്ഷരങ്ങൾ‌ക്കും അതിന്റെ സ്വര ഭേദങ്ങൾ‌ക്കും അതിലൂടെ വിരിയുന്ന ആശയങ്ങൾ‌ക്കും ആസ്വാദനങ്ങൾ‌ക്കും ചിട്ടപ്പെടുത്തപ്പെട്ട കൃത്രിമ നിയമ സം‌ഹിതയിൽ ബഷീർ വിശ്വസിച്ചിരുന്നില്ല. ഭാഷാ വ്യാകരണ മുറകളുടെ കെട്ടുകാഴ്‌ചകളുടെ അതിരുകളിൽ ഭാവനയെ ഒതുക്കുകയായിരുന്നില്ല. മറിച്ച്‌ തനിക്ക്‌ ചുറ്റുമുള്ള കാഴ്‌ചകൾ അനുഭവിച്ചറിഞ്ഞ പരിവേഷത്തോടെ അപ്പടി പകർ‌ത്തുക എന്നതായിരുന്നു ബഷീർ എന്ന മഹാനായ എഴുത്തുകാരന്റെ ശീലവും ശൈലിയും.

സങ്കൽ‌പങ്ങൾ‌ക്ക്‌ വേണ്ടി – തത്വ ജ്ഞാനങ്ങൾ‌ക്ക്‌ വേണ്ടി ഒന്നും ഈ നിസ്വാർ‌ഥനായ എഴുത്തുകാരൻ പ്രയാസപ്പെടുന്നില്ല.‌ അകൃത്രിമങ്ങളായ ജിവിതാനുഭവങ്ങളുടെ ഏറ്റവും പച്ചയായ ഭാവമാണ് പ്രതീക്ഷയാണ്‌‌ അദ്ദേഹത്തിന്റെ കാൽ‌പനികതകളുടെ ലോകം. പൊതു നിരീക്ഷണത്തിൽ വിവരമില്ലായ്‌മയിൽ നിന്നെന്നപോലെ നിർഗളിക്കാവുന്ന സ്വാഭാവികതകളാണ്‌ ബഷീറിന്റെ ദാർ‌ശനികതകളുടെ ലോകം.


ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യേ ഒന്ന്‌ എന്നത്‌ കണക്ക് അറിയാത്ത മജീദിന്റെ നിഷ്‌കളങ്കതയെയാണ്‌ സൂചിപ്പിക്കുന്നത്. ഒപ്പം കണക്ക്‌ അറിയുന്നവർ‌ക്ക്‌ പുതിയ ഒരു ദാർ‌ശനിക പാഠവും. എന്നാൽ വിജ്ഞാനത്തിന്റെ കുത്തകക്കാർ‌ ഇതൊന്നും വകവെച്ചു നൽ‌കിക്കൊള്ളണമെന്നില്ല.

രണ്ട്‌ പുഴകൾ സം‌ഗമിച്ച് വീണ്ടും ഒന്നായി ഒഴുകുന്നതിൽ നിന്ന്‌ മജീദ്‌ ഉൾ‌കൊള്ളുന്ന ബല്യേ ഒന്ന്‌ എന്ന യാഥർ‌ഥ്യവും ഒന്നും ഒന്നും കൂട്ടിയാൽ രണ്ട്‌ എന്ന ഗണിത ശാസ്‌ത്ര അക്ഷരാർ‌ഥ വിവരവും പരസ്‌പരം കലഹിക്കേണ്ട ഒരു സമസ്യയല്ല. ബല്യേ ഒന്ന്‌ എന്നത്‌ പച്ചയായ യാഥാർ‌ഥ്യമാണ്‌. രണ്ട്‌ എന്നത്‌ ഭൗതിക ജീവിത സാഹചര്യത്തിന്റെ പരുക്കൻ യാഥാർഥ്യവും‌. ജീവിതായോധനത്തിന്‌ ഈ പരുക്കൻ യാഥാർഥ്യം വേണ്ടി വരും. എന്നാൽ ജിവിതം ഏറെ ഹൃദ്യമായി ആസ്വദിക്കാൻ പച്ചയായ യാഥാർ‌ഥ്യത്തെ ഉൾകൊണ്ടവർ‌ക്കേ സാധിക്കുകയുള്ളൂ.

ഉൽ‌കൃഷ്‌ടവും അല്ലാത്തതും എന്നതിന്‌ പാശ്ചാത്യ പൗരസ്ത്യ‌ വർ‌ണ്ണാടിസ്ഥാനങ്ങളിൽ തീരുമാനിക്കപ്പെടുന്ന അലിഖിത നിയമങ്ങളെ കടപുഴക്കി വീഴ്‌ത്തുന്നതിൽ നൈപുണ്യമുള്ള മാന്ത്രികനാണ് വൈക്കം മുഹമ്മദ്‌ ബഷീർ‌‌. സമൂഹത്തിൽ വേരോട്ടമുള്ള തിന്മകളുടെ പടർ‌പ്പുല്ലുകളെ പിഴുതെറിയാൻ കെൽപുള്ള സർ‌ഗാത്മക തൂലിക കൊണ്ട് മലയാളത്തെ ശുദ്ധീകരിക്കാനും സമ്പന്നമാക്കാനും അശ്രാന്തം പരിശ്രമിച്ച സുൽ‌ത്താനാണ്‌ ബഷീർ.

ജീവിത ഗന്ധിയായ തന്റെ ഇതര കൃതികളെപ്പോലെ മഹത്തരമാണ്‌ ബാല്യകാല സഖിയുടെ ഇതിവൃത്തം. ഇമ്മിണി ബല്യേ ഒന്ന്‌ എന്ന സ്വാഭാവിക ദാർ‌ശനികതയെ‌ പ്രതിഷ്‌ഠിച്ചു വെച്ച‌ പച്ച മനുഷ്യരുടെ ലോകവും.


മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. മജീദിന്റെ ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന അവകാശത്തെ കൂർത്ത നഖങ്ങളുള്ള സുഹറ ചെറുത്തു തോല്പ്പിക്കുന്നത് "ഞാനിനിയും മാന്തും" എന്ന് ഭീഷണിപ്പെടുത്തിയാണ്. ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തിൽ ആവേശം കൊണ്ട് നാടുവിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ കൽക്കത്തയിലായിരിയ്ക്കുന്ന കാലം താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന് അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ, ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം അതു മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.


FARHANA . C

PG FIRST YEAR