Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Friday, 15 June 2018

പോരാളിയുടെ മകൻ (Book Review) - ഫാത്തിമ ഷിഫ സി.കെ

 പോരാളിയുടെ മകൻ


അവസാന താളുകൾക്കപ്പുറം പിന്നെയും പലതും വായനക്ക് ബാക്കി വെക്കുന്ന പുസ്തകം! നഈം, അബ്ദുല്ല നിങ്ങൾ ഇരുവരുടെയും സ്നേഹത്തിന് മുമ്പിൽ ഞാൻ തോറ്റു പോയി. അദ്റയാവാൻ, നർഗീസാവാൻ ഞാനും കൊതിച്ചു. ജിഹാദിനോടുള്ള പ്രണയം ഓരോ അക്ഷരങ്ങളെയും പ്രണയിച്ച് മുന്നോട്ട് കുതിക്കാൻ എന്നെ വീണ്ടും വീണ്ടും വിളിച്ചു. 'ചില പ്രതികൂല സാഹചര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒറ്റയിരുപ്പിൽ തീർക്കുമായിരുന്നു നിന്നെ' എന്ന് പുസ്തകത്തെ നോക്കി പറയാൻ തോന്നിയത് ഒരിക്കലൊന്നുമല്ല. പുസ്തകത്തിൻ്റെ രചയിതാവിന്റെ ഒരു ലേഖനം പുസ്തകം വായിക്കാൻ തുടങ്ങുന്നതിൻ്റെ തൊട്ട് മുമ്പ് വായിച്ചത് യാദൃശ്ചികതക്കയ്പ്പുറം പ്രിയപ്പെട്ട പടച്ചോൻ്റെ തിരക്കഥയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത്രയേറെ എനിക്ക് രചയിതാവിൻ്റെ രചനാ ശൈലി ഇഷ്ടമാവാൻ തുടങ്ങിയിരുന്നു, നോവൽ വായിക്കാൻ തുടങ്ങിയപ്പോൾ അൽഭുതം സൃഷ്ടിക്കുകയായിരുന്നു ഓരോ താളുകളും.

വിശ്വാസവും മാനവികതയും കൈമുതലാക്കി അറേബ്യൻ ഉപദ്വീപിൻ്റെ അതിരുകൾക്കപ്പുറം ഏകദൈവവിശ്വാസത്തിൻ്റെയും നന്മയുടെയും പ്രകാശം പരത്തിയ ഒരു ചരിത്ര കാലഘട്ടത്തിൽ നിന്നും അടർത്തിയെടുത്ത സുവർണ്ണ താളുകളാണ് 'പോരാളിയുടെ മകൻ്റെ' ഇതിവൃത്തം.

ഉമവി കാലഘട്ടത്തിൽ നടന്നിട്ടുള്ള ചരിത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ വിശ്വാസികളുടെ അതുല്യമായ ജിഹാദിനോടുള്ള സ്നേഹം വളരെ മനോഹരമായി പുസ്തകത്തിൽ വരച്ചു കാണിക്കുന്നു. പ്രസ്തുത കാലഘട്ടത്തിന്റെ ചരിത്രത്തിനപ്പുറം വായനക്കാരനെ സ്വാധീനിക്കുവാൻ സാധിക്കുക ജിഹാദിന് അവർ നൽകിയ പ്രാധാന്യമാണ്. മാതാവ് മക്കൾക്ക് നൽകുന്ന ഗൃഹപാഠങ്ങൾ മുതൽ ഭാര്യ പകർന്നു നൽകുന്ന സ്നേഹത്താൽ നനഞ്ഞ ധൈര്യം വരെ. സ്വദേഹം വിശ്വാസത്തിന് വേണ്ടി മാറ്റിവെച്ച ഒരുപറ്റം മനുഷ്യ ഹൃദയങ്ങൾ വായക്കാരനെ കൊതിപ്പിക്കും .ഈ ഒരു അനുഭൂതി പകരാൻ കഴിയുന്ന കരുത്തുറ്റതും സരസവുമായ പ്രയോഗങ്ങളാണ് രചയിതാവ് ഉപയോഗിച്ചിട്ടുള്ളത്. ചരിത്ര സംഭവങ്ങളുടെ മനോഹരമായ ദൃസാക്ഷി വിവരണമെന്ന കണക്കെ അനന്യ സാധാരണമായ വാങ്മയ ചിത്രങ്ങൾ കൂടി വായനക്കാരന് സമ്മാനിക്കുന്ന പുസ്തകമാണ് 'പോരാളിയുടെ മകൻ.'


മരണാസന്നമായ പോരാളി നഈം മക്കളോട് പറയുന്ന വാക്കുകൾ വായനക്കാരൻ്റെ ഹൃദയത്തിൽ ജിഹാദിനെ പ്രതിഷ്ഠിക്കും.

"കുട്ടികളെ നിങ്ങൾ പുറപ്പെടൂ,നിങ്ങൾ കുതിരകളെ പായിക്കുന്നത് കാണാനാണ് ഞാനിവിടെ നിൽക്കുന്നത്."


ആരിഫ് സൈനിൻ്റെ ഈ ചരിത്രാഖ്യായികയിലെ അക്ഷരങ്ങളും കാത്തിരിക്കുന്നത് വായനക്കാരൻ്റെ ഹൃദയം തൊട്ട ജിഹാദാണ്, ശരീരം കൊണ്ടും മനസ്സ് കൊണ്ടുമുള്ള പോരാട്ടം.


Fathima Shifa C.K

D2 A/U

Thursday, 7 June 2018

ഞാൻ മലാല (Book Review) - നജ

 ഞാൻ മലാല


തീവ്രവാദത്തിനും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും എതിരെയുള്ള പോരാട്ടത്തിൽ പുസ്തകവും പേനയും ആണ് ഏറ്റവും ശക്തമായ ആയുധമെന്ന് ലോകജനതയെ ബോധ്യപ്പെടുത്തിയ മലാല യൂസഫ് സായിയുടെ ജീവിതകഥ.


'ആരാണ് മലാല?' മലാല യൂസഫ്സായി എന്ന പാക്കിസ്ഥാനി പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഈ ചോദ്യത്തിനു ശേഷമാണ്. അവളുടെ കഥ ലോകം അറിഞ്ഞു തുടങ്ങിയതും അതിനുശേഷം. ഇങ്ങനെ ചോദിച്ചുകൊണ്ട് സ്കൂൾ ബസ്സിലേക്ക് ചാടിക്കയറിയ അക്രമി അവളുടെ തലയിലേക്ക് നിറയൊഴിച്ചത് 2012 ഒക്ടോബർ 9ന് ആയിരുന്നു.


ഒരു വർഷം പിന്നിടുമ്പോൾ ആരാണ് മലാല എന്നറിയാത്തവർ ഇല്ലെന്ന് തന്നെ പറയാം. അതിലും പ്രധാനം ഞാനാണ് മലാല എന്ന് ഉത്തരം പറയുന്ന ആയിരക്കണക്കിന് പെൺകുട്ടികൾ ഉണ്ടായി എന്നതാണ്. അവർ ഉറച്ച സ്വരത്തിൽ ചോദിക്കുന്നു: ഞാനാണ് മലാല, പഠിക്കാനുള്ള എൻ്റെ അവകാശത്തെ ചോദ്യം ചെയ്യാൻ നിങ്ങളാര്?


ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ത്രസിപ്പിക്കാൻ പോകുന്ന വലിയൊരു ജനമുന്നേറ്റത്തിന് തുടക്കം കുറിച്ച വ്യക്തി എന്ന നിലക്കാണ് മലാലയെ ചരിത്രം അടയാളപ്പെടുത്തുകയെന്നുറപ്പ്. സ്വാത് താഴ്‌വരയിൽ നിന്ന് ലോകത്തിൻറെ മുൻനിരയിലേക്കുള്ള മലാലയുടെ പരിവർത്തനം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള വളരെ പരിമിതമായ അന്വേഷണമാണ് ഈ പുസ്തകം.


മലാലയുടെ കഥ അവളുടെ പിതാവ് സിയാവുദ്ദീൻ യൂസഫ്സായിയുടെ കഥ കൂടിയാണ്. അക്ഷരങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും മഹത്വം ശരിയായി മനസ്സിലാക്കിയ കവി കൂടിയായ സിയാവുദ്ദീന്റെ തണലില്ലായിരുന്നുവെങ്കിൽ മലാല ഇങ്ങനെയാകുമായിരുന്നില്ല. പെൺകുട്ടികൾ പിറക്കുന്നത് അശുഭകരമായി കാണുന്ന ഒരു സമൂഹത്തിൽ തന്റെ മകളെ അയാൾ ആൺമക്കളെക്കാൾ സ്നേഹിച്ചു വളർത്തി. ആൺകുട്ടികൾ പിറന്നാൽ കാണാൻ വീട്ടിലെത്തുന്നവർ തൊട്ടിലിലേക്ക് പണവും ഉണക്കപ്പഴങ്ങളും എറിയുന്ന ചടങ്ങ് സ്വാതിലുണ്ട്. പെൺകുഞ്ഞായതിനാൽ മലാലയെ കാണാൻ വന്നവരാരും അങ്ങനെ ചെയ്തില്ല. ഇതിൽ ദുഃഖിതനായ സിയാവുദ്ദീൻ സ്വന്തം കയ്യിൽ നിന്നും പണം എടുത്ത് അതിഥികൾക്ക് തൊട്ടിലിടാൻ നൽകുമായിരുന്നു. മലാല ഒരു പക്ഷിയെ പോലെ സ്വതന്ത്രയായി നടക്കണം എന്നതു മാത്രമായിരുന്നു മകളെ കുറിച്ചുള്ള അയാളുടെ സ്വപ്നം.


പി എസ് രാകേഷ് എഴുതിയ മലാല യൂസഫിന്റെ ഹൃദയസ്പർശിയായ ജീവിതകഥയും കൂടെ ചേർത്ത അവളുടെ ഡയറിക്കുറിപ്പുകളും വായിച്ചപ്പോൾ മലാല മനസ്സിൽ ഏറെ തിളക്കമുള്ളവളായി, മുമ്പുണ്ടായിരുന്നതിനേക്കാൾ ഏറെ. സ്ത്രീ ജീവിതങ്ങളെ പറ്റി നവീനാശയങ്ങളുള്ള കവി കൂടിയായ അവളുടെ പിതാവിൻ്റെ ഹൃദയാലുത്വവും, മലാലയുടെ ഡയറിക്കുറിപ്പുകളിലെ നിഷ്കളങ്കതയും, അവൾക്കും കൂട്ടുകാർക്കും നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുമൊക്കെ

നമ്മെ ഏറെ വേദനിപ്പിക്കുന്നു. അവൾ സോഷ്യൽ നെറ്റ്വർക്ക് സൈറ്റിൽ എത്തിപ്പെട്ടതിന്റെ അനിവാര്യതയും നമുക്ക് ബോധ്യപ്പെടുന്നു. ആക്രമിക്കപ്പെടുന്നതിനു മുമ്പ് തന്നെ അവൾ തുടങ്ങിവച്ച സാക്ഷരതാ പ്രവർത്തനങ്ങളും ഇനിയും ഭാവിയിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീ നവോത്ഥാന സംരംഭങ്ങളും നാം ആഹ്ലാദത്തോടെ ആദരവോടെ നോക്കിക്കാണാൻ തുടങ്ങുന്നു. 2013 ഒക്ടോബർ 11ന് യു എസ് പ്രസിഡൻ്റ് ബരാക് ഒബാമയെ കാണാൻ അവസരം ലഭിച്ചപ്പോൾ മലാല ആദ്യം ഉന്നയിച്ച ആവശ്യം പാക്കിസ്ഥാനിൽ യു എസ് സൈന്യം നടത്തുന്ന ഡ്രോൺ അക്രമണം നിർത്തണമെന്നാണ്. പാക്കിസ്ഥാനിലെ ഭരണാധികാരികൾ പോലും കാട്ടാത്ത ധൈര്യം.


സ്ത്രീ, വിദ്യ അഭ്യസിക്കുന്നതിനെയും അവൾക്ക് സ്വതന്ത്ര ചിന്തകൾ ഉണ്ടാകുന്നതിനെയും വല്ലാതെ ഭയപ്പെടുന്നുണ്ട് മതമൗലിക വാദക്കാർ. അതുകൊണ്ടാണ് സ്ത്രീകളെ ശബ്ദമില്ലാത്ത, എളുപ്പം മെരുക്കാവുന്ന കാലിക്കൂട്ടങ്ങൾ ആയി 'സംരക്ഷിച്ചു' നിർത്താൻ അവർ വ്യഗ്രതപ്പെടുന്നത്.


വിശുദ്ധഗ്രന്ഥത്തിന്റെയും നബിവചനങ്ങളുടെയും പേര് പറഞ്ഞു നടത്തുന്ന ഈ ഒതുക്കൽ തന്ത്രങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു, ഇന്ന് മുസ്ലിം സ്ത്രീ സമൂഹം. മലാലയ്ക്ക് കിട്ടിയ സ്ത്രീ പിന്തുണ അതാണ് സൂചിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് തീവ്രവാദികൾ അക്ഷരങ്ങളെ ഭയക്കുന്നത്, അറിവിനെ ഒളിക്കുന്നത്?

വിദ്യാഭ്യാസത്തിൻറെ ശക്തി അവരെ ഭയപ്പെടുത്തുന്നു. സ്ത്രീകളുടെ ശബ്ദം പോലും അവർക്ക് അസഹ്യമാകുന്നു. അതുകൊണ്ടാണ്, ക്വെറ്റയിൽ നിഷ്കളങ്കരായ 14 കുട്ടികളെ അവർ കൊന്നൊടുക്കിയത്, അധ്യാപികമാരെ ഇപ്പോഴും വധിക്കുന്നത്,bവിദ്യാലയങ്ങൾ തന്നെ ബോംബിട്ട് തകർക്കുന്നത്. അതെ, വിദ്യാഭ്യാസം സമൂഹത്തിലേക്ക് കടത്തിവിടുന്ന സ്വതന്ത്ര ചിന്തയുടെയും സമത്വത്തിന്റെയും വെളിച്ചത്തെ അവർ അത്രമേൽ ഭയക്കുന്നുണ്ട്. 


"ഞാൻ സംസാരിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല, എന്നെപ്പോലെ ആക്രമിക്കപ്പെട്ട, എന്നാൽ അതിനെതിരെ ശബ്ദിക്കാൻ കഴിയാത്ത ആയിരങ്ങൾക്ക് വേണ്ടിയാണ്. സമാധാനത്തോടെയും ആത്മാഭിമാനത്തോടെയും ഉള്ള ജീവിതവും വിദ്യാഭ്യാസവും സമനീതിയും അവർക്കും അർഹതപ്പെട്ടതാണ്. ആ അവകാശങ്ങൾക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്". - മലാല യൂസഫ്സായി 


കൂട്ടുകാരെ, ഓരോ കുഞ്ഞിനും തിളക്കമുള്ള ജീവിതത്തിന് അവകാശമുണ്ട്. അതിന് സ്കൂളുകളും വിദ്യാഭ്യാസവും വേണം. അറിവും സമാധാനവും വേണം. നമ്മുടെ അവകാശങ്ങൾക്കുവേണ്ടി ഒരുമിച്ചു നിന്ന് ശബ്ദം ഉയർത്താം..

നമ്മുടെ വാക്കുകളുടെ ശക്തിയിൽ വിശ്വാസം അർപ്പിക്കാം. ഒരുമിച്ചുള്ള നമ്മുടെ ശബ്ദം ലോകത്തെ മാറ്റിമറിക്കും. അറിവുകൊണ്ട് നമുക്ക് സ്വയം സജ്ജരാകാം. സ്നേഹത്തിലും ഐക്യത്തിലും ഒന്നാവാം. നമ്മളെ തടയാൻ ആർക്കുമാവില്ല.


Naja

Preli 1st