ആൽക്കെമിസ്റ്റ്
പൗലോ കൊയ്ലോയുടെ പ്രസിദ്ധമായ ഒരു നോവൽ എന്നതിലുപരി ഒരു പ്രചോദന ഗ്രന്ഥമാണ് ആൽകെമിസ്റ്റ്. നിമിത്തങ്ങളും ശകുനങ്ങളും സൂചനകളും ഗണിച്ച് സന്ദേഹിയായ മനുഷ്യന്റെ സൗഭാഗ്യം തേടിയുള്ള യാത്രയാണ് `ദി ആൽകെമിസ്റ്റ്'. ഏത് ലോഹത്തെയും സ്വർണമാക്കി മാറ്റാനുള്ള അത്ഭുത വിദ്യ കൈവശമുള്ളവൻ എന്നതാണ് ഈ ആൽകെമിസ്റ്റ് എന്ന പദത്തിന്റെ അർഥം. ജീവിത വിജയത്തിന് വേണ്ടിയുള്ള ഒരുപാട് മാർഗങ്ങൾ പാലോ കൊയ്ലോ ഈ നോവലിലൂടെ നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നു.
സാന്റിയാഗോ എന്ന ആട്ടിടയന്റെ നിധി തേടിയുള്ള ഒരു യാത്രയാണ് ഈ കഥ. അദ്ദേഹം ഒരു സ്വപ്നം കാണുകയും ആ സ്വപ്നവ്യാഖ്യാനം അന്വേഷിക്കുകയും ചെയ്തു. ഈജിപ്തിലെ രണ്ടു പിരമിഡുകൾക്കിടയിൽ ഒരു നിധി ഉണ്ടെന്നതായിരുന്നു ആ വ്യാഖ്യാനം. നിധി തേടിയുള്ള യാത്രയ്ക്ക് മുമ്പ് അവനൊരു ഗുരുവിനെ കണ്ടുമുട്ടുന്നു. ആ ഗുരുവിന്റെ സാരോപദേശങ്ങളാണ് സാന്റിയാഗോയെ നിധിയുടെ കണ്ടെത്തലിന് സഹായിച്ചത്. മറ്റുള്ളവരെപ്പോലെ ആവാൻ ശ്രമിക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വിഢിത്തം. മറ്റുള്ളവരെപ്പോലെ ആവാൻ ശ്രമിക്കുമ്പോൾ നമ്മൾ സ്വയം മരിക്കുന്നു. ' ഓരോരുത്തരും വ്യത്യസ്തരാണ്... മറ്റുള്ളവനുമാകില്ല, നീയുമാകില്ല'. ഓരോരുത്തരുടെയുംവിധി നിർണയിക്കുന്നത് യാത്രയിലാണ്. പൗലോ കൊയ്ലോ നമുക്ക് മുന്നിൽ നൽകുന്ന മറ്റൊരു പാഠമാണ് ആരെയും അത്ര നിസ്സാരമായി കാണരുത്, നിസാരമായി കാണുന്ന പലരുമാവാം ജീവിത്തിലെ വഴിത്തിരിവാകുന്നത്. അവസരങ്ങൾ ഒരിക്കലെങ്കിലും എല്ലാവരുടെയും വാതിലിൽ വന്ന് മുട്ടി വിളിക്കും. അപ്പോൾ എടുക്കുന്ന തീരുമാനം അയാളുടെ വിധി നിശ്ചയിക്കും. സാന്റിയാഗോ തന്റെ നിധി തേടിയുള്ള യാത്ര തുടങ്ങുമ്പോൾ ഗുരു ചോദിച്ചു: പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യ എന്താണ്? ഗുരു തന്നെ അവന് പറഞ്ഞു കൊടുത്തു: ജീവിത യാത്രയ്ക്കിടയിൽ ചിലപ്പോൾ മനുഷ്യന് അവന്റെ അവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. നിഷ്ക്രിയൻ ആകുന്നു. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മിഥ്യ.
" നിങ്ങൾ ശരിക്കും എന്തെങ്കിലും ആഗ്രഹിക്കുമ്പോൾ അത് നേടാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തുന്നു". ഈ പുസ്തകം അതിരുകൾ ഭേദിക്കുകയും ലോകമെമ്പാടും ഒരു ചലനം സൃഷ്ടിക്കുകയും ചെയ്തു. സാന്റിയാഗോയുടെ യാത്രയും ആത്മീയാന്വേഷണവും അവൻ കണ്ടുമുട്ടുന്ന ആളുകളും അവൻ കാണുന്ന സ്വപ്നങ്ങളും അവൻ കണ്ടുമുട്ടുന്ന ശകുനങ്ങളും അവൻ സംസാരിക്കുന്ന ഭാഷയും എല്ലാം നമുക്ക് ബന്ധപ്പെടുത്താവുന്നവയാണ്. നമ്മൾ മറന്നു പോയതോ അല്ലെങ്കിൽ വെറുതെ തള്ളിക്കളഞ്ഞതോ ആയ കാര്യങ്ങൾ. ബാല്യകാല ഭാവനകൾ വ്യക്തിഗത ഇതിഹാസം കണ്ടെത്തുന്നു. തടസ്സങ്ങൾ കണക്കിലെടുക്കാതെ നമ്മുടെ സ്വപ്നത്തെ പിന്തുടരുന്നതും നമ്മുടെ ഭാഗവും ദൈവത്തിന്റെ ഭാഗവുമായ പ്രപഞ്ചവും ആയി ആത്മീയമായി ബന്ധപ്പെട്ടിരിക്കുന്നതിനെ കുറിച്ചാണ്. നാമെല്ലാവരും ഒന്നാണ്. ഈ പുസ്തകം വായിക്കുന്നത് ഞാൻ നിർത്തിവെച്ച സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ശരിയായ പാതയിലേക്ക് എന്നെ എപ്പോഴും തിരികെ കൊണ്ടുവരുന്നു. നാം വെറുക്കുന്ന ഒരു കരിയർ പിന്തുടരുന്നത് പോലെ എല്ലാവരും നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത് ചെയ്യാൻ നമ്മൾ എപ്പോഴും ശ്രമിക്കുന്നു. കാരണം അത് എല്ലാവരും ശ്രമിക്കുന്നതാണ്. വ്യക്തിപരമായ ഇതിഹാസം തിരിച്ചറിഞ്ഞ്മരങ്ങളോടും ഉറുമ്പുകളോടും ആകാശത്തോടും ഭൂമിയുടെ കാതലിനോടും വായു കണങ്ങളോടും സ്വന്തം ഹൃദയത്തോടും സംസാരിക്കാൻ കഴിയുന്നു, ചുറ്റുമുള്ള എല്ലാത്തിനോടും ആഴത്തിലുള്ള ആത്മീയ ബന്ധം അനുഭവിക്കുക, ഉള്ളിന്റെയുള്ളിൽ ദൈവത്തെ അനുഭവിക്കുക, പരാജയപ്പെടുമെന്നോ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനോ ഭയപ്പെടാതിരിക്കുക എന്നത് ഈ പുസ്തകം എനിക്ക് നൽകിയ ചില കാര്യങ്ങളിൽ ചിലതുമാത്രമാണ്.
Farsina M.P
B-com 2nd year