ഞാൻ നാദിയ മുറാദ്
അടിമപ്പെണ്ണിന്റെ അതിജീവന കഥ പി.എസ് രാഘേഷ് നാദിയ മുറാദിനെ കുറിച്ച് എഴുതിയ ജീവചരിത്രം ആണ് ഇവിടെ ഞാൻ പരിചയപ്പെടുത്തുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തകയായ നാദിയ മുറാദിന്റെ അസാധാരണമായ ജീവിത കഥയാണ് ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
ഐസീസിന്‍റെ അടിമ ആയിരുന്ന ഈ പെൺകുട്ടിയുടെ വാക്കുകളിലൂടെയാണ് ലോകം യെസീദികൾ എന്ന മത വിഭാഗത്തെക്കുറിച്ച് കേട്ടു തുടങ്ങിയത്. യസീദിയായി ജനിച്ചതുകൊണ്ട് മാത്രം തനിക്ക് അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകൾ അവൾ നെഞ്ചിൽ കൈ വെച്ച് പറഞ്ഞപ്പോൾ കേട്ടവർക്കെല്ലാം അത് നീറ്റലായി. അതുകൊണ്ടുതന്നെ നാദിയയുടെ കഥ കേൾക്കുന്നതിന് മുമ്പേ യെസീദികളെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ വിശ്വാസത്തെയും ആചാരങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. മതം മനുഷ്യന്റെ ജീവൻ എടുക്കുമെന്ന് ജീവിതം കൊണ്ട് മനസ്സിലാക്കിയ വ്യക്തികളാണ് ഓരോ യസീദിയും. ഒരു കാനേശ്വാരി പട്ടികയിലും ഉൾപ്പെടാൻ അവസരം ലഭിക്കാതെ പോയ ഹതഭാഗ്യരാണ് യസീദികൂട്ടം.
ഇറാഖിലും തുർക്കിയിലും സിറിയയിലും ആയി കുറേ യസീദികൾ താമസിക്കുന്നുണ്ട്. അർമീനിയലും ജോർജിയയിലും ഇറാനിലുമായി കുറച്ചുപേർ വേറെയും ഉണ്ട്. സർക്കാറുകൾ ഇവരുടെ കൃത്യമായി കണക്കെടുത്തിട്ടില്ല ഇതുവരെയും. ഏതാണ്ട് 7 ലക്ഷം യസീദികൾ ലോകത്തെ എങ്ങുമായി ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരിൽ 85% പേരും ജന്മനാടും വീടും ഉപേക്ഷിച്ച് മറ്റടങ്ങളിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായവരാണ്. ചെല്ലുന്നിടത്തെല്ലാം വേർതിരിവും അടിച്ചമർത്തലും നേരിടേണ്ടി വരും എന്നതിനാൽ യസീദികളിൽ ചിലർ സ്വന്തം മതസത്വം മറച്ചുവെച്ചു ജീവിക്കാൻ നിർബന്ധിതരാകുന്നു. 2018 ഡിസംബർ പത്തിന് നോർവേയിലെ ഓസ്ലോസിറ്റി ഹാളിൽ വച്ച് നോബൽ സമാധാന പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം നാദിയ മുറാദ് നടത്തിയ പ്രസംഗത്തിൽ നിന്നും ചില വാക്കുകൾ വളരെ മനസ്സലിയിപ്പിക്കുന്നതാണ്. നമ്മെ പ്രചോദിപ്പിക്കുന്നതും ആണ്.
യുദ്ധ കുറ്റങ്ങളുടെ ഇരയാണ് നാദിയ മുറാദ്. നാണക്കേട് കാരണം മിണ്ടാതിരിക്കുക എന്ന പൊതു രീതി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് അവൾ ഇരകളുടെ ശബ്ദമായി. തന്നെപ്പോലെ ദുരിതമനുഭവിച്ചവരുടെയും കഥകൾ ലോകത്തോട് വിളിച്ചു പറയാൻ അസാമാന്യധീരത കാഴ്ചവെച്ച വനിതയാണ് അവർ. യുദ്ധ കുറ്റവാളികളുടെ നേർക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനും അതുവഴി അവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കാനും ഉള്ള ശ്രമം തുടങ്ങി വെക്കാനും നാദിയയ്ക്കായി. ഓരോ യുദ്ധം നടക്കുമ്പോഴും സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളും സുരക്ഷയും ഇല്ലാതാവുന്നു. "സമാധാനപൂർവ്വമായ ലോകം സാധ്യമാവണമെങ്കിൽ ഇത്തരത്തിലുള്ള അക്രമങ്ങൾ തുടച്ചുനീക്കേണ്ടതുണ്ട്." ഈ വരികളിലൂടെയാണ് പുസ്തകം അവസാനത്തിലേക്ക് എത്തുന്നത്.
'അവസാനത്തെ പെൺകുട്ടി' എന്ന നാദിയ മുറാദ് എഴുതിയ പുസ്തകം വായനക്കാർക്കായി പി.എസ് രാകേഷ് പരിചയപ്പെടുത്തുന്നത് 'ഞാൻ നാദിയ മുറാദ്' എന്ന പുസ്തകത്തിലൂടെ ആണ്. എണ്ണമറ്റതവണ ലൈംഗിക പീഡനത്തിനിരയായ, ആ വിഭാഗക്കാരുടെ ശബ്ദമായ നാദിയ മുറാദ് എല്ലാവർക്കും സ്വന്തം അവകാശങ്ങൾക്കായി പോരാടാൻ പ്രചോദനമേകുന്നു. അപരിചിതരായ ഒരു മുസ്ലിം കുടുംബമായിരുന്നു നാദിയയെ കടത്തിക്കൊണ്ടുപോയ രാജ്യത്ത് നിന്നും രക്ഷപ്പെടാൻ സഹായിച്ചത്.
Fathima Inan P.M
D1 A/U