Tuesday, 20 October 2020
Saturday, 5 September 2020
Wednesday, 10 June 2020
പാത്തു(കഥ) - ഫൈസൽ മലയാളി
പാത്തു
മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിൽ ഒരു ചെറിയ വീടുണ്ട്. വീട് ചെറുതാണെങ്കിലും ജനസംഖ്യ അത്ര ചെറുതല്ല. മനുഷ്യഗണത്തിൽ പെട്ടത് നാല് പേർ: പാത്തു, പാത്തൂന്റുമ്മാ, പാത്തൂന്റുപ്പാ,പാത്തൂന്റിക്കാക്ക.
പിന്നെ ഇരുപത്തിമൂന്ന് കോഴികൾ, ഒളിവർ സംഘങ്ങളായ ഒരു പറ്റം പല്ലി കേസരികൾ, കണ്ടാൽ തിരിച്ചറിയുന്ന മൂന്നു മൂഷിക കേമന്മാർ, നാല് പൂച്ചസഞ്ചാരികൾ ഒപ്പം കൂട്ടത്തിൽ മല്ലന്മാരായ കുളിമുറി ഗായകസംഘം പാറ്റാ പവിത്രന്മാർ.
കൂടുതലായും കുളിമുറി കേന്ദ്രീകരിച്ചാണ് പാറ്റാ പവിത്രന്മാർ വിലസുന്നത്. ഈ തരത്തിൽ നീളുന്നു ജനസംഖ്യ.
പക്ഷേങ്കില് പാത്തൂന്റുപ്പാക്ക് ഈ ജനസംഖ്യാ വർധനവിൽ വ്യക്തമായ പൊരുത്തക്കേടുണ്ട്.അതുകൊണ്ട് തന്നെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി കോഴിമുട്ടകൾ വിരിയിക്കേണ്ടതില്ലെന്നും അതോടൊപ്പം പൂച്ചസഞ്ചാരികളെ നാടുകടത്തണമെന്നും ശ്രീമാൻ ഫാദർ ഓഫ് പാത്തു എപ്പോഴും പറയാറുണ്ട്.
തല്ക്കാലം ജനസംഖ്യാ നിയന്ത്രണ പ്രക്രിയ അവിടെ നിൽക്കട്ടെ.
പാത്തു മഹിളാരത്നത്തിന് പൂർണമായും ഈ ചരിത്രത്തിലേക്ക് കടന്നുകൂടാൻ സമയമായിരിക്കുന്നു.
പാത്തൂനെപ്പറ്റി പറയാണെങ്കിൽ,
പാത്തൂന്റുമ്മാക്കും പാത്തൂന്റുപ്പാക്കും അവൾ "കുഞ്ഞിപ്പാത്തു".
പാത്തൂന്റിക്കാക്കാക്ക് അവൾ "കിഴവിപ്പാത്തു".
പാത്തൂന്റെ നാട്ടാർക്ക് അവൾ "പാത്തൂട്ടി".
പ്രസ്തുത പാത്തുപ്പെണ്ണ് അന്നാട്ടിലെ മറ്റു മഹിളാരത്നങ്ങളെക്കാൾ അതീവ ധൈര്യശാലിയാണ്. കുളിമുറി ഗായക സംഘത്തിൽ പെട്ട പാറ്റാ പവിത്രന്മാരെ പോലും പാത്തൂന് പേടിയില്ല,തീരെ.!
പക്ഷെങ്കില് പാത്തൂനും ഉണ്ട്,ഒരു ചെറിയ പേടി. ഒരേയൊരു പേടി. മാടത്തുരുത്ത് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച കൊമ്പൻമീശയ്ക്ക് ഉടയോനായ കൊച്ചുവറീദ്.
പാത്തൂന്റെ പേടി കൊച്ചുവറീദല്ല. പിന്നെയോ, കൊച്ചുവറീദിന്റെ കൊമ്പൻ മീശ തന്നെ.
കുറ്റിച്ചൂല് കണക്കനെ ഇരുവശങ്ങളിലേക്ക് ഉയർന്നു നിൽക്കുന്ന "ആഡംബര മീശ"
മേൽപടിയാന്റെ മീശ തന്നെയാണ്, മീശ മാത്രമാണ് പാത്തുക്കുട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.
പോരാത്തതിന് ഫയൽവാൻ കൊച്ചുവറീദ് പാത്തൂന്റെ അയൽക്കാരനുമാണ്.
മീശകണ്ടാൽ പാത്തു ഞെട്ടും, പാത്തു ഞെട്ടിയാൽ മുട്ടിടിക്കും, മുട്ടിടിച്ചാൽ പനി പിടിക്കും,വിറയ്ക്കും,വിയർക്കും.
മുൻപ് പല തവണ പേടിച്ച് പനിപിടിച്ച ചരിത്രവുമുണ്ടേ.
അത്തരത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ പാത്തൂട്ടിക്ക് ഒന്ന് മനസ്സിലായി. കൊച്ചുവറീദിന്റെ കൊമ്പൻ മീശ ഉള്ളിടത്തോളം കാലം,തനിക്ക് സമാധാനമായി ജീവിക്കാൻ കഴിയില്ല എന്നത് തന്നെ.
അങ്ങനെ കൊച്ചുവറീദിനെ മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിൽ നിന്നും കെട്ടുകെട്ടിക്കാൻ പാത്തു ഒരു വർഗീയ ലഹളയ്ക്ക് തന്നെ തയാറെടുത്തു.
കൊമ്പൻമീശ വർഗ്ഗത്തിൽ പെട്ട ഫയൽവാൻ കൊച്ചുവറീദിനോട് മീശ തീരെയില്ലാ വർഗ്ഗത്തിൽ പെട്ട പാത്തുക്കുട്ടിക്ക് തോന്നുന്ന പേടി.
അല്ലല്ല വർഗീയത...!
സംഗതി മനിതൻമ്മാർക്കെല്ലാം ഏതെങ്കിലുമൊരു പ്രത്യേക പേടി ഉണ്ടായിരിക്കുമല്ലോ.അത്തരത്തിൽ കൊച്ചുവറീദിനും ഉണ്ട്,ഒരു സിംപ്ലൻ പേടി...!
അത് അന്നാട്ടിൽ പാട്ടുമാണ്.
മറ്റൊന്നുമല്ല, കുളിമുറി ഗായകരായ പാറ്റാ പവിത്രന്മാർ തന്നെ. പാറ്റകളെ കണ്ടാൽ ശ്രീമാന്റെ മീശ കിടന്ന് വിറയ്ക്കും.പേടിച്ചിട്ടാണേ...പാവം.
ഈ പേടി തന്നെയാണ് പാത്തൂട്ടിയുടെ പിടിവള്ളി.
തന്റെ സുഹൃത്തുക്കളായ ഒരു സംഘം പാറ്റാ പവിത്രന്മാരെ പിടിച്ച് ചാക്കിലാക്കി കൊച്ചുവറീദിന്റെ മുമ്പാകെ തുറന്നുവിട്ടാൽ അയാൾ പേടിച്ച് നാടുവിടുമെന്നത് കട്ടായം.
പക്ഷേങ്കില് പാത്തുമഹിളാരത്നം എങ്ങനെ കൊച്ചുവറീദിന്റെ മുമ്പിൽ പോകും...?
പോയാൽ മീശ കാണില്ലേ...?
മീശകണ്ടാൽ....ഞെട്ടി.
പിന്നെ പറയേണ്ടതില്ലല്ലോ...!
ഒടുവിൽ,മാടത്തുരുത്തിലെ പ്രധാന വാടകക്കൊലയാളി അദ്രമാനെ ദൗത്യം ഏൽപ്പിക്കാൻ പാത്തു തീരുമാനിച്ചു.
ഭീകരൻ അദ്രമാൻ ഇരുപത്തി അയ്യായിരത്തിൽ പരം കൊല നടത്തിയിട്ടുണ്ട്...!
ഒന്നിനും കേസില്ല എന്നു മാത്രം.
മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിലെ പ്രധാന കോഴിപ്പീടികയിലെ വെട്ടുകാരനാണ് ഈ മഹാൻ.
ഇരുപത്തി അയ്യായിരത്തിൽ പരം കോഴികളുടെ രക്തം പുരണ്ട ഭീകര കരങ്ങൾ.
അങ്ങനെ പാത്തുക്കുട്ടി പാറ്റാ പാവനയുദ്ധത്തെ പറ്റി അദ്രമാനെ ബോധവാനാക്കി.
പക്ഷെ ഭീകരൻ അദ്രമാന് ഒരു കണ്ടീഷൻ; പാത്തൂട്ടിയുടെ തോട്ടത്തിൽ നിന്നും ഒരു റോസാപുഷ്പം പാത്തൂട്ടി തന്നെ പറിച്ചു സമ്മാനിക്കണം.
സബാഷ്...ഒരു റോസാ പുഷ്പമല്ലേ,
ചേതമില്ലാത്ത ഉപകാരം.
പാത്തുക്കുട്ടി വാക്കു പാലിച്ചു.
അങ്ങനെ താൻ കൊടുത്ത വാക്കുപാലിക്കാനായി പാറ്റകളെ നിറച്ച ചാക്കുമായി കൊച്ചുവറീദിന്റെ വീട് ലക്ഷ്യമാക്കി അദ്രമാൻ നടന്നു.
അപ്പടി വാതിൽക്കലെത്തി പാത്തും പതുങ്ങിയും നോക്കിയപ്പോൾ ഫയൽവാൻ കൊച്ചുവറീദ് ചുണ്ടിൽ പ്രതിഷ്ടിച്ച സെയ്യദു ബീഡി സ്പെഷ്യൽ കത്തിക്കുവാനായി തീപ്പെട്ടി ഉരക്കുകയാണ്.
തീപ്പെട്ടി കത്തിയതും, പാറ്റകളുടെ ചാക്ക് തുറന്നതും ഒരുമിച്ചായിരുന്നു.
പാറ്റാ പവിത്രന്മാരെ കണ്ട കൊച്ചുവറീദ് ഞെട്ടി.!
ഞെട്ടലിന്റെ ആഘാതത്തിൽ സ്പെഷ്യൽ ബീഡിക്കു പകരം തീ കൊളുത്തിയത് കൊമ്പൻ മീശമ്മേലും...!
ബലേ ഭേഷ്...!
ഞൊടിയിടയിൽ മീശ കത്തിത്തീരുന്നു.
പേടിച്ചരണ്ട കൊച്ചുവറീദ് തല കൊണ്ടുപോയി കിണറ്റിൽ മുക്കിയതിനാൽ മീശ മാത്രമേ കത്തിയുള്ളൂ.
അങ്ങനെ കൊച്ചുവറീദിനെ നാടുകടത്താതെ തന്നെ പ്രശ്നം പരിഹാരത്തിലെത്തി.
അതാ പാത്തൂട്ടി ചിരിക്കുന്നു.
മംഗളം
ഗുണപാഠം: പുകവലി ആരോഗ്യത്തിനു ഹാനികരം
ഫൈസൽ മലയാളി
BA/AU 2nd Year
Friday, 14 February 2020
കരയുക കണ്ണുനീർ നിന്നെ കഴുകും (Book Review) - മുനീറ ടി.ടി
കരയുക കണ്ണുനീർ നിന്നെ കഴുകും.
സ്നേഹം, മനുഷ്യൻ, ദൈവം, ചിന്ത ഇതെല്ലാം അടങ്ങിയിട്ടുള്ള ഒരു പൊതിച്ചോറാണ് പി.എം.എ ഗഫൂറിന്റെ ഈ പുസ്തകം. നമ്മുടെ ചിന്തയെ ആഴത്തിൽ ചെന്നെത്തിക്കുന്ന ഒട്ടേറെ വരികൾ ഇതിൽ കാണാൻ സാധിക്കുന്നുണ്ട്. 'മനുഷ്യൻ' എന്ന ജീവിയെ വളരെ ഭംഗിയായി ഇതിൽ വിവരിക്കുന്നുണ്ട്. അതായത് പെൻസിൽ എത്ര ഭംഗിയോടെ അണിഞ്ഞൊരുങ്ങിയാലും അകത്ത് ഗ്രാഫൈറ്റ് ഇല്ലെങ്കിൽ അത് വെറും മരക്കഷണം ആണ്, അകമാണ് നമുക്ക് പ്രധാനം, അകത്തേക്ക് കൂടുതൽ ശ്രദ്ധ വേണം, ശുദ്ധീകരിക്കണം.
ഞാൻ ഏറെ സങ്കടപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് എനിക്ക് പുസ്തകം കിട്ടുന്നത്. അതിനാൽ എന്നെ ഏറെ ആഴത്തിൽ ചെന്നെത്തിച്ച ഒരു വരി ഇതാണ് "തൂണുകൾ ഒന്നുമില്ലാതെ ഇത്രയും വലിയ ആകാശത്തെ താങ്ങിനിർത്തുന്നവനല്ലേ നീ. വീണു പോകാതെ എന്നെയും താങ്ങി നിർത്താൻ നിനക്കെന്ത് എളുപ്പമാണ്." എന്ത് മനോഹരമായ വരി. സ്നേഹവും സൗഹൃദവും ഒക്കെ തരുമ്പോൾ അതൊരു ചെടി കയ്യിൽ തരുന്നത് പോലെയാണ്, തരുന്നയാൾ പിന്നെയും കൂടെയുണ്ടോ എന്നതിലല്ല കാര്യം, ആ ചെടി നമ്മൾ എന്ത് ചെയ്തു? എന്നതിലാണ്. 'നല്ല ചിന്തകൾ നല്ല ആരാധനയാണെന്ന് തിരുനബി പറഞ്ഞിട്ടുണ്ട്.' ചിന്തകളിൽ ബന്ധങ്ങളിൽ ജീവിതരീതിയിൽ ലാളിത്യം ഉള്ളവരാകുമ്പോൾ നമ്മൾ ആരോടും മത്സരിക്കാത്തവരായി മാറും, മത്സരിക്കാത്തതാകുമ്പോൾ മനസ്സിൽ സംഘർഷം ഇല്ലാത്തവർ ആകും, സംഘർഷം ഇല്ലാതാകുമ്പോൾ സമാധാനം ഉണ്ടാകും. ആ സമാധാനം നമ്മുടെ കണ്ണുകളിൽ ചുറ്റുമുള്ളവർക്ക് കാണാൻ കഴിയും. എല്ലാവർക്കും നന്ദി. സ്നേഹിച്ചവർക്കും ദ്രോഹിച്ചവർക്കും നന്ദി. പടച്ചവനെ നീ തന്നതിനും തടഞ്ഞതിനും നന്ദി. സ്വന്തം കത്തുകൾ ആണ് നാം ചെയ്യുന്ന ഓരോ ദ്രോഹവും. നേടിയെടുക്കുന്ന ധാരാളം അറിവുകൾ ഒന്നുമല്ല, നിഷ്കളങ്കമായ തിരിച്ചറിവുകൾ മാത്രമേ ജീവിതത്തിൽ നമ്മെ പാഠം പഠിപ്പിക്കുകയുള്ളൂ എന്ന് നമുക്കിതിൽ നിന്നും മനസ്സിലാക്കാം.
Muneera T.T
D3 F/A